റിലയന്‍സ് ട്രഷറി ഓഹരികള്‍ വിറ്റു

ന്യൂഡല്‍ഹി| WEBDUNIA|
PRO
മുകേഷ് അംബാനിയുടെ റിലയ്ന്‍സ് ഇന്‍ഡസ്ട്രീസ് 2.5 കോടി ട്രഷറി ഓഹരികള്‍ എല്‍‌ഐസിക്ക് വിറ്റു. 2,587 കോടി രൂപയാണ് കമ്പനി ഇതിലൂടെ സ്വരൂപിച്ചത്.

1,035 എന്ന നിരക്കിലാണ് ഓഹരികള്‍ വിറ്റഴിച്ചതെന്നാണ് വിവരം. എന്നാല്‍ വാര്‍ത്ത സംബന്ധിച്ച് കമ്പനിയുടെ ഔദ്യോഗിക വിശദീകരണം ഉണ്ടായിട്ടില്ല. അഞ്ച് ശതമാനം കിഴിവിലാണ് ഓഹരികള്‍ വിറ്റതെന്നും വാര്‍ത്തയുണ്ട്. കഴിഞ്ഞ വര്‍ഷവും ട്രഷറി ഓഹരി വില്‍പനയിലൂടെ 3,188 കോടി രൂപ റിലയ്ന്‍സ് സ്വരൂപിച്ചിരുന്നു. 1.50 കോടി ഓഹരികളാണ് അന്ന് വിറ്റഴിച്ചത്.

പൊതുവിപണിയില്‍ എത്തിക്കാതെ കമ്പനി സൂക്ഷിക്കുന്ന ഓഹരികളാണ് ട്രഷറി ഓഹരികള്‍. അധികമായി പണം കണ്ടെത്തേണ്ട ആവശ്യം വരുമ്പോഴാണ് കമ്പനി ഈ ഓഹരികള്‍ വിറ്റഴിക്കുക. ആഗോള തലത്തില്‍ ചില ഏറ്റെടുക്കല്‍ നടത്താനാണ് കമ്പനി ഓഹരി വില്‍‌പന നടത്തിയതെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ഓഹരി വില്‍‌പനയുടെ വാര്‍ത്ത പരന്നതോടെ ബോംബെ ഓഹരി വിപണിയില്‍ റിലയ്ന്‍സ് ഓഹരികള്‍ക്ക് കനത്ത വില്‍‌പന സമ്മര്‍ദ്ദമാണ് നേരിട്ടത്. രാവിലത്തെ വ്യാപാരത്തില്‍ റിലയ്ന്‍സ് ഓഹരിവില കഴിഞ്ഞ ദിവസത്തേക്കാളും രണ്ട് ശതമാനം താഴ്ന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :