രാജുവിനെ നുണപരിശോധനയ്ക്ക് വിധേയമാക്കും

ഹൈദരാബാദ്| WEBDUNIA| Last Modified വെള്ളി, 10 ജൂലൈ 2009 (11:15 IST)
സത്യം കമ്പ്യൂട്ടര്‍ മുന്‍ ചെയര്‍മാന്‍ ബി രാമലിംഗ രാജുവിനെ നുണ പരിശോധനയ്ക്കും ബ്രെയിന്‍ മാപ്പിംഗിനും വിധേയമാക്കാന്‍ പ്രത്യേക സിബിഐ കോടതി അന്വേഷണ ഏജന്‍സിക്ക് അനുമതി നല്‍കി. രാജു അടക്കമുള്ള പ്രതികളില്‍ നിന്ന് കൂടുതല്‍ മൊഴിയെടുക്കുന്നതിനായി അദ്ദേഹത്തെ നുണപരിശോധന നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ സിബിഐ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

രാമലിംഗ രാജുവിനെ കൂടാതെ സഹോദരന്‍ രാമരാജു, കമ്പനി മുന്‍ സിഎഫ്ഒ വദ്ലാമാണി ശ്രീനിവാസ് എന്നിവരെയാണ് ടെസ്റ്റുകള്‍ക്ക് വിധേയമാക്കുക. നമ്പര്‍ 14, അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കെ സുധാകര്‍ ആണ് സിബിഐക്ക് ടെസ്റ്റുകള്‍ നടത്താന്‍ എട്ടാഴ്ചത്തെ സമയം അനുവദിച്ചുകൊണ്ട് ഉത്തരവായത്. ടെസ്റ്റുകളുടെ ദിവസവും സമയവും പ്രതികളെ മുന്‍കൂട്ടി അറിയിക്കണമെന്നും പ്രതികളുടെ അഭിഭാഷകരുടെ സാന്നിദ്ധ്യത്തില്‍ മാത്രമേ ടെസ്റ്റുകള്‍ നടത്താവൂ എന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

അതിനിടെ രാമലിംഗ രാജുവിന്‍റെയും മറ്റ് ഏഴ് പെരുടെയും ജുഡീഷ്യല്‍ കാലാവധി ജൂലൈ 22വരെ നീട്ടിക്കൊണ്ട് ബുധനാഴ്ച കോടതി ഉത്തരവായിരുന്നു. ഇവര്‍ ഇപ്പോള്‍ ഹൈദരാബാദിലെ ചഞ്ചല്‍ഗുഡ ജയിലിലാണ്.

കമ്പനി കണക്കുകളില്‍ 7,800 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്ന രാമലിംഗ രാജുവിന്‍റെ ജനുവരി ഏഴിലെ വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് ഇന്ത്യന്‍ കോര്‍പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി പുറം ലോകമറിയുന്നത്. ഹൈദരാബാദ് പൊലീസിലെ പ്രത്യേക സിഐഡി സംഘം അന്വേഷിച്ച കേസ് ജനുവരി 20നാണ് സിബിഐ ഏറ്റെടുത്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :