പൊതുമേഖല ടെലികോം ഓപറേറ്ററായ ബിഎസ്എന്‍എല്‍ രാജ്യത്ത് ബ്ലാക്ബെറി സര്‍വീസ് തുടങ്ങുന്നു. അടുത്തമാസം ആദ്യത്തോടെ സര്‍വീസ് തുടങ്ങുമെന്നും സര്‍ക്കാരില്‍ നിന്നും അനുമതി കിട്ടിക്കഴിഞ്ഞതായും ബിഎസ്എന്‍എല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഗുല്‍ദീപ് ഗോയല്‍ പറഞ്ഞു.
നിലവില്‍ റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, എയര്‍ടെല്‍, വൊഡാഫോണ്‍, ടാറ്റ ടെലിസര്‍വീസസ് എന്നിവയാണ് രാജ്യത്ത് ബ്ലാക്ബെറി സേവനം നല്‍കുന്നത്. ഇ-മെയിലുകള്‍ പോലുള്ള ഒട്ടനവധി സേവനങ്ങള്‍ ലഭ്യമാക്കുമെന്നതാണ് ബ്ലാക്ബെറി ഫോണുകളുടെ പ്രത്യേകത.
കാനഡയിലെ റിസേര്‍ച് ഇന്‍ മോഷന്‍ (ആര്‍ഐഎം) എന്ന കമ്പനിയാണ് ബ്ലാക്ബെറി ഫോണുകള്‍ നിര്‍മ്മിക്കുന്നത്. ഉയര്‍ന്ന എന്‍ക്രിപ്ഷന്‍ കോഡുകളാണ് ഇതില്‍ ഉപയോഗിക്കുന്നതെന്നതിനാല്‍ നേരത്തെ ഈ ഫോണിന്‍റെ ഉപയോഗത്തില്‍ ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. അതേസമയം ബ്ലാക്ബെറിയുടെ ഉപയോഗത്തിലുള്ള സുരക്ഷാ ഏജന്‍സികള്‍ പരിഹരിച്ചതായി കമ്യൂണിക്കേഷന്‍സ് മന്ത്രി എ രാജയുമായി ഫെബ്രുവരിയില്‍ നടത്തിയ ചര്‍ച്ചയില്‍ കനേഡിയന്‍ വ്യവസായ മന്ത്രി ടോണി ക്ലമന്‍റ് അറിയിച്ചിരുന്നു.