ന്യൂഡല്‍ഹി|
WEBDUNIA|
Last Modified ഞായര്‍, 1 മാര്‍ച്ച് 2009 (17:38 IST)
അടുത്തിടെ ആരംഭിച്ച ബി എസ് എന്‍ എല്‍, എം ടി എന്‍ എല്‍ എന്നീ പൊതുമേഖലാ സ്ഥാപനങ്ങളുടെ ത്രീ ജി സേവനം വേണ്ടത്ര സുരക്ഷിതമല്ലെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കി. ത്രീ ജി സേവനം നല്‍കുമ്പോള്‍ അത് നിരീക്ഷിക്കാനുള്ള സംവിധാനം കൂടി വേണമെന്നും ടെലികോം മന്ത്രാലയത്തോട് ഐ ബി ആവശ്യപ്പെട്ടു.
എന്നാല്‍ മതിയായ സുരക്ഷാ മാനദണ്ഡങ്ങള്‍ എല്ലാം സ്വീകരിച്ചിട്ടുണ്ടെന്നാണ് ബിഎസ്എന്‍എല്ലിന്‍റെയും എം ടി എന്‍ എല്ലിന്‍റെയും നിലപാട്. സുരക്ഷാ വീഴ്ചയുണ്ടായതായി ഇതുവരെ തങ്ങള്‍ക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് എം ടി എന്‍ എല്‍ സിഎംഡി ആര്‍ എസ് പി സിന്‍ഹ പറഞ്ഞു.
വീഡിയോ കോളുകള്‍ റെക്കോര്‍ഡ് ചെയ്യുന്ന കാര്യത്തില്‍പ്പോലും ബിഎസ്എന്‍എല്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്തുന്നില്ലെന്ന് ടെലികോം മന്ത്രാലയത്തിനയച്ച പരാതിയില്‍ ഐ ബി വ്യക്തമാക്കുന്നു.
എന്നാല്‍ വീഡിയോ കോളുകള്‍ റെക്കോര്‍ഡ് ചെയ്യുന്നതടക്കമുളള സുരക്ഷാ മാനദണ്ഡങ്ങളെല്ലാം സ്വീകരിച്ചശേഷമാണ് ത്രീ ജി സേവനം നല്‍കുന്നതെന്നും വേണമെങ്കില്‍ ഐ ബിക്ക് ഇത് നേരിട്ട് പരിശോധിക്കാമെന്നും ബി എസ് എന്‍ എല്‍ സിഎംഡി കുല്‍ദീപ് ഗോയല്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച് ടെലികോം മന്ത്രാലയത്തിന് വിശദീകരണം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എം ടി എന്‍ എല്ലിന്‍റെ ത്രീ ജി സേവനത്തില്‍ വീഡിയോ റെക്കോര്‍ഡിംഗ് സൌകര്യമുണ്ടെങ്കിലും, സുരക്ഷാ ഏജന്‍സികള്‍ക്ക് അതില്‍ യഥാര്‍ത്ഥ സമയത്ത് ഇടപെടാനോ അത് ഡീകോഡ് ചെയ്യാനോ കഴിയില്ലെന്നതിനാല്‍ റെക്കോര്‍ഡിംഗ് സൌകര്യം കൊണ്ട് ഉപയോഗമില്ലെന്നും ഐ ബിയുടെ പരാതിയില്‍ വ്യക്തമാക്കുന്നു.