ബിഎസ്എന്‍എല്‍ കോള്‍ നിരക്ക് കുറച്ചു

ന്യൂഡല്‍ഹി| WEBDUNIA|
ടെലികോം മേഖലയില്‍ പുതിയൊരു മല്‍സരത്തിന് തുടക്കമിട്ടുകൊണ്ട് പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്‍ കോള്‍ നിരക്കില്‍ കുറവേര്‍പ്പെടുത്തി. ലാന്‍ഡ് ലൈന്‍, ഡബ്ലിയുഎല്‍എല്‍ നിരക്ക് ലോക്കല്‍ കോളിന് മിനുട്ടിന് 0.33 പൈസയും എസ്ടിഡി നിരക്ക് മിനുട്ടിന് 50 പൈസയുമായാണ് കുറച്ചത്. പുതിയ നിരക്ക് മാര്‍ച്ച് ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.

കേന്ദ്ര വിവരസാങ്കേതിക വകുപ്പ് സഹമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് രാജ്യസഭയില്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. പ്രീ പെയ്ഡ് മൊബൈല്‍ വരിക്കാര്‍ക്കുള്ള ‘ഇന്ത്യ ഗോള്‍ഡന്‍ 50’ പദ്ധതി ബിഎസ്എന്‍എല്‍ ഉടന്‍ തന്നെ ആരംഭിക്കും. എസ്ടിഡി നിരക്ക് 50 പൈസയാക്കി കുറയ്ക്കുന്ന സേവനമാണിത്. മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സേവന ലൈസന്‍സ് അനുവദിക്കുന്നത് സംബന്ധിച്ചുള്ള പ്രഖ്യാപനം മാര്‍ച്ച് അഞ്ചിന് നടത്തുമെന്നും മന്ത്രി പറഞ്ഞു. എംഎന്‍പി സേവന ലൈസന്‍സ് അനുവദിക്കുന്നത് സംബന്ധിച്ച നിബന്ധനകള്‍ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം പുറത്തുവിട്ടിട്ടുണ്ട്.

നമ്പര്‍ പോര്‍ട്ടബിലിറ്റി ഏര്‍പ്പെടുത്തുന്നതില്‍ യാതൊരു കാല താമസവും വരുത്തില്ലെന്ന് മന്ത്രി പറഞ്ഞു. തുടക്കത്തില്‍ എല്ലാ മെട്രോ നഗരങ്ങളിലും എ - കാറ്റഗറി സ്ഥലങ്ങളിലും മാത്രമായിരിക്കും ഈ സേവനം നടപ്പാക്കുക. തുടര്‍ന്ന് ഒരു വര്‍ഷത്തിനകം മറ്റ് ഭാഗങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :