പീപ്പിള്‍സ്‌ ബസാറുമായി സപ്ലൈക്കോ

കൊച്ചി| WEBDUNIA| Last Modified തിങ്കള്‍, 9 ജൂലൈ 2007 (12:22 IST)

ഇത്തവണത്തെ ഓണക്കച്ചവടം പൊടിപൊടിക്കണമെന്ന ഉദ്ദേശത്തോടെ സര്‍ക്കാര്‍ സ്ഥാപനമായ സപ്ലൈക്കോ പീപ്പിള്‍സ്‌ ബസാര്‍ തുടങ്ങുന്നു. ഓണത്തോടനുബന്ധിച്ച് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്‌ നഗരങ്ങളിലാണ്‌ പീപ്പിള്‍സ്‌ ബസാര്‍ തുറക്കുക.

സംസ്ഥാന ഭക്‍ഷ്യ - സിവില്‍ സപ്ലൈസ്‌ മന്ത്രി സി.ദിവാകരനുമായി സപ്ലൈകോ അധികൃതര്‍ നടത്തിയ ചര്‍ച്ചയിലാണ്‌ ഇത്‌ സംബന്ധിച്ച്‌ തീരുമാനമായത്‌. സപ്ലൈക്കോ ചെയര്‍മാനും മാനേജിംഗ്‌ ഡയറക്‌ടറുമായ യോഗേഷ്‌ ഗുപ്‌ത വെളിപ്പെടുത്തിയതാണിക്കാര്യം.

അവശ്യ സാധനങ്ങള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്നതോടൊപ്പം ഗുണനിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ്‌ പീപ്പിള്‍സ്‌ ബസാര്‍ തുടങ്ങുന്നത്‌. ഇതിനായി സപ്ലൈക്കോക്ക്‌ കേരഫെഡ്‌, മീറ്റ്‌ പ്രോഡക്‌ട്‌സ്‌ ഓഫ്‌ ഇന്ത്യ, മില്‍മ, ഹോര്‍ട്ടി കോര്‍പ്‌സ്‌ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ സഹായം ലഭ്യമാവും.

ഇത്തരം പീപ്പിള്‍സ്‌ ബസാറുകളില്‍ പ്രത്യേക വിലക്കിഴിവ്‌ നല്‍കുന്നതോടൊപ്പം ലക്കി ഡിപ്പും സംഘടിപ്പിക്കുമെന്നും യോഗേഷ്‌ ഗുപ്‌ത പറഞ്ഞു.

പീപ്പിള്‍സ്‌ ബസാര്‍ തുടങ്ങുന്നതിനൊപ്പം തന്നെ സപ്ലൈകോയുടെ മാവേലി സ്റ്റോറുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ലാഭം മാര്‍ക്കറ്റുകള്‍ എന്നിവയോടനുബന്ധിച്ച് പ്രത്യേക ഓണച്ചന്തകള്‍ സംഘടിപ്പിക്കുന്നുണ്ട്‌ എന്നും ഗുപ്‌ത കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :