രാജ്യത്തെ പണപ്പെരുപ്പം ഉടന്‍ കുറയുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി. ഉത്പന്ന വിതരണത്തിലുണ്ടായിരുന്ന പ്രശ്നങ്ങളാണ് പണപ്പെരുപ്പം ഉയരത്തില്‍ തുടരുന്നതിന്റെ കാരണമെന്നും പ്രണബ് പറഞ്ഞു.
കാര്‍ഷിക ഉത്പന്നങ്ങളുടെ വിതരണത്തിലുണ്ടായിരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ വേണ്ട നടപടികളെടുത്തു കഴിഞ്ഞു. നവംബര്‍-ഡിസംബര്‍ കാലയളവില്‍ തന്നെ പണപ്പെരുപ്പം കുറയുമെന്നാണ് കരുതുന്നത്- പ്രണബ് പറഞ്ഞു.
ഭക്‍ഷ്യവിലപ്പെരുപ്പം ഉയരത്തില്‍ തുടരുന്നതാണ് പണപ്പെരുപ്പം കുറയാത്തതിനുള്ള പ്രധാന കാരണം. ഒക്ടോബര്‍ 15ന് അവസാനിച്ച ആഴ്ചയില്‍ ഭക്‍ഷ്യവിലപ്പെരുപ്പം 11.43 ശതമാനമായി ഉയര്‍ന്നിരുന്നു. കുതിച്ചുയരുന്ന പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി തുടര്‍ച്ചയായി പതിമൂന്നാം തവണയും റിസര്‍വ് ബാങ്ക് റിപ്പോ നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നു. കാല്‍ ശതമാനം വീതമാണ് റിപ്പോ, റിവേഴ്സ് നിരക്കുകള്‍ വര്‍ധിപ്പിച്ചത്.