നിസാന്‍റെ ആദ്യ ചെന്നൈ കാര്‍ മേയില്‍ പുറത്തിറക്കും

ചെന്നൈ| WEBDUNIA| Last Modified ചൊവ്വ, 19 ജനുവരി 2010 (12:27 IST)
PRO
ജാപ്പനീസ് വാഹന നിര്‍മാതാക്കളായ നിസാന്‍ മോട്ടോര്‍സിന്‍റെ ചെന്നൈ പ്ലാന്‍റില്‍ നിന്നുള്ള ആദ്യ കാര്‍ മേയ് മാസത്തോടെ വിപണിയിലിറക്കും. നിസാന്‍ മോട്ടോര്‍ ഇന്ത്യ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ കുമിനോ ടോകിയാമ അറിയിച്ചതാണിത്.

റെനൌള്‍ട്ടുമായി ചേര്‍ന്ന് തുല്യപങ്കാളിത്തത്തിലാണ് നിസാന്‍ ചെന്നൈയിലെ ഒരഗാടം പ്ലാന്‍റ് സ്ഥാപിക്കുന്നത്. പുതിയ കാറുകളുടെ 85 ശതമാനം ഘടകങ്ങളും പ്രാദേശികമായി ഉല്‍‌പാദിച്ചവയായിരിക്കും. തുടക്കത്തില്‍ രണ്ട് ലക്ഷം കാറുകളാണ് പ്ലാന്‍റില്‍ നിന്ന് ഉല്‍‌പാദിപ്പിക്കുക. 2012 ആകുമ്പോഴേക്ക് ഇത് നാല് ലക്ഷമായി വര്‍ദ്ധിപ്പിക്കും.

ഇന്ത്യയിലുള്ള പ്രവര്‍ത്തനങ്ങള്‍ കമ്പനി ഊര്‍ജ്ജിതമാക്കുമെന്ന് ടോകിയാമ പറഞ്ഞു. കമ്പനിയുടെ എട്ടാമത്തെ ഡീലര്‍ഷിപ്പ് ഔട്ട്‌ലെറ്റായ ഷെരീഫ് നിസാന്‍റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു അദ്ദേഹം. കമ്പനിയുടെ മൊത്തം ഔട്ട്‌ലെറ്റുകളുടെ എണ്ണം ഈ വര്‍ഷം മുപ്പതായും അടുത്ത രണ്ട് വര്‍ഷങ്ങളില്‍ 55 ആയും ഉയര്‍ത്താ‍നാവുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

2012 ആകുമ്പോഴേക്കും മൊത്തം കാര്‍ വിപണിയുടെ അഞ്ച് ശതമാനം കൈയ്യടക്കാനാവുമെന്നാണ് നിസാന്‍ പ്രതീക്ഷിക്കുന്നത്. 1500 ജീവനക്കാരെ ഇതിനകം നിയമിച്ചതായും അവര്‍ക്ക് പരിശീലനം നല്‍കി വരുന്നതായും റെനോള്‍ട്ട് നിസാന്‍ ഓട്ടോമോട്ടീവ് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ അകിര സകുറായ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :