നാണയപ്പെരുപ്പത്തില്‍ നേരിയ ഉയര്‍ച്ച

മുംബൈ| WEBDUNIA|
രാജ്യത്തെ നാണയപ്പെരുപ്പ നിരക്ക് വീണ്ടുമുയര്‍ന്നു. ഏപ്രില്‍ പതിനെട്ടിന് അവസാനിച്ച ആഴ്ചയില്‍ 0.57 ശതമാനമായാണ് നാണയപ്പെരുപ്പം ഉയര്‍ന്നത്. മുന്‍ ആഴ്ച 0.26 ശതമാനമായിരുന്നു നാണയപ്പെരുപ്പം. ഏപ്രില്‍ നലിന് അവസാനിച്ച ആഴ്ചയില്‍ 0.18 ശതമാനമെന്ന റെക്കോര്‍ഡ് നിരക്കിലേക്ക് ഇടിഞ്ഞതിന് ശേഷം തുടര്‍ച്ചയായ രണ്ടാം തവണയാണ് നാണയപ്പെരുപ്പം ഉയരുന്നത്.

ഉപഭോക്തൃ വില സൂചികയേക്കാള്‍ മൊത്ത വില സൂചിക അടിസ്ഥാനപ്പെടുത്തിയാണ് നാണയപ്പെരുപ്പ നിരക്ക് നിശ്ചയിച്ചത്. നിര്‍മ്മാണ ഉല്‍പന്നങ്ങളുടെ വില 1.7 ശതമാനത്തോളം ഉയര്‍ന്നു. ഇന്ധനം, ഊര്‍ജ്ജം, ലൂബ്രിക്കന്‍റുകള്‍ എന്നിവയുടെ വില സൂചികയില്‍ 0.1 ശതമാനത്തിന്‍റെ ഉയര്‍ച്ച രേഖപ്പെടുത്തി.

കഴിഞ്ഞ വര്‍ഷം ഈ സമയത്ത് 8.23 ശതമാനമായിരുന്നു നാണയപ്പെരുപ്പം. 2008 ഓഗസ്റ്റില്‍ 12 ശതമാനത്തിലേറെയായിരുന്നു പണപ്പെരുപ്പനിരക്ക്‌. 16 വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്‌. സാമ്പത്തിക മാന്ദ്യം നേരിടാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായ പാക്കേജുകളും റിസര്‍വ് ബാങ്കിന്‍റെ നടപടികളുമാണ് നാണയപ്പെരുപ്പ നിരക്ക് കുത്തനെയിടിയാന്‍ കാരണമായത്.

അതേസമയം നാണയപ്പെരുപ്പം പൂജ്യത്തിനും താഴെയെത്തുമെന്ന ആശങ്ക നിലനില്‍ക്കെയാണ് മൊത്ത വില സൂചികയില്‍ രണ്ടാഴ്ചകളായി ഉയര്‍ച്ച അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. നാണ്യചുരുക്ക ഭീഷണി തടയാനായി സുപ്രധാന പലിശ നിരക്കുകളില്‍ റിസര്‍വ് ബാങ്ക് കഴിഞ്ഞ ദിവസം 25 പോയന്‍റിന്‍റെ കുറവ് വരുത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :