മുംബൈ|
WEBDUNIA|
Last Modified ഞായര്‍, 31 മെയ് 2009 (14:43 IST)
കൂടുതല്‍ വിദേശ നിക്ഷേപം രാജ്യത്തേക്ക് പ്രവഹിക്കുമെന്ന പ്രതീക്ഷ നിലനില്‍ക്കുന്നതിനാല്‍ ദാലാല്‍ സ്ട്രീറ്റിലെ ഉല്‍സവ പ്രതീതി ഈ ആഴ്ചയും തുടര്‍ന്നേക്കും. വിദേശ സ്ഥാപന നിക്ഷേപകര്‍ ഇന്ത്യയില്‍ കൂടുതല്‍ താല്‍പര്യം കാണിക്കുന്നത് സമീപ ഭാവിയില്‍ മോശമാവാന്‍ സാധ്യതയില്ലെന്നാണ് വിപണി നിരീക്ഷകര്‍ വിലയിരുത്തുന്നത്.
വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ മുംബൈ ഓഹരി വിപണി സൂചിക 5.31 ശതമാനത്തിന്‍റെ ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 14,625 പോയന്‍റിലാണ് അവസാന സെഷനില്‍ വിപണി ക്ലോസ് ചെയ്തത്. തുടര്‍ച്ചയായ പന്ത്രണ്ടാമത്തെ ആഴ്ചയാണ് വിപണിയില്‍ ഉണര്‍വ് പ്രകടമാവുന്നത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയില്‍ 112 പോയന്‍റിന്‍റെ (2.58%) ഉയര്‍ച്ചയാണ് കഴിഞ്ഞയാഴ്ച ഉണ്ടായത്. 4,449 പോയന്‍റിലാണ് വെള്ളിയാഴ്ച നിഫ്റ്റി ക്ലോസ് ചെയ്തത്.
വിദേശ നിക്ഷേപത്തിന്‍റെ കാര്യത്തില്‍ സുവര്‍ണ്ണ മാസമായിരുന്നു മെയ് എന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. ഈ വര്‍ഷം ഇതുവരെ ഉണ്ടായ വിദേശ നിക്ഷേപത്തിന്‍റെ 99 ശതമാനവും മെയ് മാസത്തിലായിരുന്നു. 20,117 കോടി രൂപ (4.1 ബില്യണ്‍ ഡോളര്‍) ആയിരുന്നു മെയിലെ വിദേശ നിക്ഷേപം.
സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ച നാലാം പാദത്തില്‍ 5.8 ശതമാനവും 2009 സാമ്പത്തിക വര്‍ഷത്തില്‍ 6.7 ശതമാനവുമാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വളര്‍ച്ച ഗണ്യമായി ഇടിഞ്ഞെങ്കിലും ആഗോള സാമ്പത്തിക മാന്ദ്യത്തിന്‍റെ അടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍ ഭേതപ്പെട്ട വളര്‍ച്ച നിരക്കാണ് ഇതെന്ന് സാമ്പത്തിക നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.