ടൊയോട്ട ഹൈബ്രിഡ് കാര്‍ ഉത്പാദനം ഉയര്‍ത്തും

ടോക്യോ| WEBDUNIA| Last Modified തിങ്കള്‍, 18 ജനുവരി 2010 (12:34 IST)
PRO
മോട്ടോര്‍ കോര്‍പ്പറേഷന്‍ ഗ്യാസ്-ഇലക്ട്രിക് കാറുകളുടെ ഉത്പാദനം ഇരട്ടിയായി ഉയര്‍ത്താന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. 2011 ആകുമ്പോഴേക്കും മലിനീകരണം കുറഞ്ഞ ഹൈബ്രിഡ് കാറുകളുടെ ഉത്പാദനം ഒരു മില്യന്‍ യൂണിറ്റാക്കാ‍നാണ് കമ്പനി ലക്‍ഷ്യമിടുന്നത്. നിക്കീ ബിസിനസാണ് ടൊയോട്ടയുടെ പുതിയ പദ്ധതി സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്.

ടൊയോട്ടയുടെ രണ്ടാമത്തെ ഹൈബ്രിഡ് കാറായ സായ് ഈയിടെയാണ് ജപ്പാന്‍ വിപണിയിലിറങ്ങിയത്. മലിനീകരണം കുറഞ്ഞ ഗ്യാസ്-ഇലക്ട്രിക് കാറുകള്‍ക്ക് വിപണിയില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ഈയിനത്തില്‍ ടൊയോട്ടയുടെ ആദ്യ മോഡലായ പ്രിയൂസ് ജപ്പാനില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ മോഡലാണ്.

ടൊയോട്ടയുടെ ഹൈബ്രിഡ് കാറുകള്‍ക്ക് മികച്ച ഭാവി കാണാനാകുന്നുണ്ടെന്ന് കസാക്ക സെക്യൂരിറ്റീസ് ചീഫ് അനലിസ്റ്റ് യോഷിക്കോ താബെ പറഞ്ഞു. ഹോണ്ടയില്‍ നിന്നും മറ്റ് ചില കമ്പനികളില്‍ നിന്നും ഹൈബ്രിഡ് കാര്‍ വിപണിയില്‍ ടൊയോട്ട ചെറിയ മത്സരം നേരിടുന്നുണ്ട്. എന്നാലും ഹോണ്ടയുടെ ഹൈബ്രിഡ് കാറിന് പ്രൂയിസിന്‍റെ അത്ര സ്വീകരണം വിപണിയില്‍ ലഭിച്ചിട്ടില്ല.

അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കകം പത്ത് ഹൈബ്രിഡ് മോഡലുകള്‍ കൂടി വിപണിയിലെത്തിക്കാനാണ് ടൊയോട്ടയുടെ ശ്രമം. ഹൈബ്രിഡ് മോഡലുകളുടെ ഉത്പാദന കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനും ഉദ്ദേശമുണ്ടെന്ന് നിക്കീ റിപ്പോര്‍ട്ട് ചെയ്തു. 2009ല്‍ അഞ്ച് ലക്ഷം ഹൈബ്രിഡ് കാറുകളാണ് ടൊയോട്ട ഉത്പാദിപ്പിച്ചത്. ടൊയോട്ടയുടെ മൊത്തം യൂണിറ്റുകളുടെ എട്ട് ശതമാനം മാത്രമാണിത്.

ജപ്പാന് പുറമേ ചൈന, അമേരിക്ക, തായ്‌ലന്‍ഡ്, ഓസ്ട്രേലിയ തുടങ്ങിയ സ്ഥലങ്ങളിലേക്കും ഹൈബ്രിഡ് കാറുകളുടെ ഉത്പാദന യൂണിറ്റുകള്‍ ടൊയോട്ട വ്യാപിപ്പിച്ചിട്ടുണ്ട്. മലിനീകരണം കുറഞ്ഞ കാറുകള്‍ ഉത്പാദിപ്പിക്കുന്നതിന് ഏതാനും ഇളവുകള്‍ ഈ രാജ്യത്തെ സര്‍ക്കാരുകള്‍ ടൊയോട്ടയ്ക്ക് അനുവദിക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :