ചൈനയില്‍ നിന്ന് ടെലികോം ഉപകരണങ്ങള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിന് ഔദ്യോഗിക വിലക്കില്ലെന്ന് ടെലികമ്മ്യൂണിക്കേഷന്‍സ് വിഭാഗം (ഡോട്ട്) അറിയിച്ചു. ചൈനീസ് ടെലികോം ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യരുതെന്ന മൊബൈല്‍ ഫോണ്‍ സര്‍വീസ് ദാതാക്കളുടെ നിര്‍ദ്ദേശത്തോടു പ്രതികരിക്കുകയായിരുന്നു ഡോട്ട്.
ഇവയില്‍ ഹുവാവി, ഇസഡ് ടി ഇ ഉപകരണങ്ങള്‍ പ്രത്യേകം വിലക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ചില രാജ്യങ്ങളില്‍ നിന്നുള്ള ടെലികോം ഉപകരണങ്ങളില്‍ രാജ്യത്തെ ടെലികോം നെറ്റ്‌വര്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ കഴിയുന്ന സ്പൈവെയര്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന ആഭ്യന്തരവകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്.
നേരത്തെ ഐ എം ഇ ഐ നമ്പര്‍ ഇല്ലാത്ത ചൈനീസ് മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നത് രാജ്യത്ത് വിലക്കിയിരുന്നു. രാജ്യത്തെ വിപണിയില്‍ ചൈനിസ് ടെലികോം ഉപകരണങ്ങള്‍ വില്‍ക്കുന്നതിന് നിലവില്‍ വിലക്കില്ലെന്ന് ഡോട്ട് വക്താവ് ചന്ദ്രപ്രകാശ് അറിയിച്ചു.
അതേസമയം, ടെലികോം മേഖലയിലെ സുരക്ഷ സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് ടെലികോം കമ്പനികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ബി എസ് എന്‍ എല്ലിന് വേണ്ടി ജി എസ് എം ഉപകരണങ്ങള്‍ പുറത്തിറക്കാനുള്ള ഹുവായിയുടെ നീക്കത്തെ ഡോട്ട് തടഞ്ഞിരുന്നു. ഇന്ത്യയിലെ ടെലികോം ഉപകരണങ്ങളേക്കാള്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് പത്തു മുതല്‍ 20 ശതമാനം വരെ വിലകുറവുണ്ട്.