ടാറ്റാ മോട്ടോഴ്സിന് ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാം പാദത്തില്‍ 263.26 കോടി രൂപയുടെ നഷ്ടം. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് 499.05 കോടി രൂപയുടെ ലാഭമുണ്ടായിരുന്ന സ്ഥാനത്താണ് ഈ വര്‍ഷം കമ്പനിക്ക് കനത്ത നഷ്ടം സംഭവിച്ചത്. ആദ്യമായാണ് ഒരു പാദത്തില്‍ കമ്പനി നഷ്ടം നേരിടുന്നത്.
മൂന്നാം പാദത്തില്‍ കമ്പനിയുടെ വരുമാനം 33.84 ശതമാനം ഇടിഞ്ഞു. 4853.13 കോടി രൂപയാണ് കമ്പനിയുടെ വരുമാനം. കഴിഞ്ഞ വര്‍ഷം ഇത് 7343.52 കോടി രൂപയായിരുന്നു. ഡിസംബര്‍ 31ന് അവസാനിച്ച ഒമ്പത് മാസകാലയളവില്‍ 18,765.91 കോടി രൂപയാണ് കമ്പനിയുടെ മൊത്തവരുമാനം. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ ഇത് 19,981.30 കോടി രൂപയായിരുന്നു. 6.1 ശതമാനത്തിന്‍റെ ഇടിവാണ് മൊത്ത വരുമാനത്തില്‍ സംഭവിച്ചിരിക്കുന്നത്.
മുംബൈ ഓഹരി വിപണിയില്‍ സമര്‍പ്പിച്ച ഒരു പ്രസ്താവനയിലാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. കമ്പനിയുടെ പുതിയ ഉല്‍പന്നങ്ങളായ പുതിയ മോഡല്‍ ട്രക്കുകളുടെയും ബസുകളുടെയും, ഇന്‍ഡിഗൊ സിഎസ്, ഇന്‍ഡിഗ വിസ്റ്റ എന്നിവയുടെയും വില്‍പനയില്‍ കാര്യമായ പുരോഗതിയുണ്ടായതായി പ്രസ്താവനയില്‍ പറയുന്നു.