എക്സൈസ് നികുതിയില്‍ രണ്ട് ശതമാനം കുറവ് ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് ട്രക്ക് വിലയില്‍ കുറവ് വരുത്താന്‍ പ്രമുഖ ട്രക്ക്, ബസ് നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സും അശോക് ലെയ്‌ലന്‍ഡും തീരുമാനിച്ചു.
എക്സൈസ് ഡ്യൂട്ടി കുറച്ചതിന്‍റെ നേട്ടം ഉപഭോക്താക്കളുമായി പങ്കിടാന്‍ ആഗ്രഹിക്കുന്നതായി പുതിയ തീരുമാനമറിയിച്ചു കൊണ്ട് അശോക് ലെയ്‌ലന്‍ഡ് വക്താവ് പറഞ്ഞു. വാഹന വിലയില്‍ 16,000 രൂപയോളം കുറവ് വരുത്താനാണ് കമ്പനിയുടെ തീരുമാനം. അതേസമയം എക്സൈസ് ഡ്യൂട്ടി കുറച്ചതുകൊണ്ട് മാത്രം വാഹന ആവശ്യകതയില്‍ ഉയര്‍ച്ചയുണ്ടാവില്ലെന്ന് വക്താവ് അഭിപ്രായപ്പെട്ടു.
രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സും വിലയില്‍ കുറവ് വരുത്തിയിട്ടുണ്ട്. എങ്കിലും വിശദ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. പ്രമുഖ ടയര്‍ നിര്‍മ്മാതാക്കളായ അപ്പോളൊ ടയേഴ്സും വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് കേന്ദ്ര എക്സൈസ് നികുതി 10 ശതമാനത്തില്‍ നിന്ന് എട്ട് ശതമാനമായും സേവന നികുതി 12 ശതമാനത്തില്‍ നിന്ന് 10 ശതമാനമായും സര്‍ക്കാര്‍ കുറച്ചത്. ആഗോള മാന്ദ്യത്തില്‍ പ്രതിസന്ധി നേരിടുന്ന വ്യവസായ മേഖലയ്ക്ക് ആശ്വാസം പകരാന്‍ സര്‍ക്കാര്‍ നടപടി സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.