സാമ്പത്തിക മേഖലയില്‍ സഹകരിച്ച് നീങ്ങാന്‍ ചൈനയും തായ്‌വാനും തീരുമാനിച്ചു. ഇരു രാജ്യങ്ങളും തമ്മില്‍ പുതിയ വ്യാപാരകരാറുകള്‍ സ്ഥാപിക്കുന്നതിന്‍റെ ഭാഗമായുള്ള ചര്‍ച്ചകള്‍ ഇന്ന് ആരംഭിക്കും.
കിഴക്കന്‍ ചൈനയിലെ നാന്‍ജിംഗിലാണ് ചര്‍ച്ച നടക്കുന്നത്. ചൈന - തായ്‌വാന്‍ ബന്ധത്തിന്‍റെ പ്രതീകമായാണ് മുന്‍ ചൈനീസ് തലസ്ഥാനം കൂടിയായ നാന്‍ജിംഗ് പട്ടണം അറിയപ്പെടുന്നത്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സാധന, സേവന, മൂലധന ഒഴുക്ക് സാധ്യമാക്കാന്‍ പുതിയ കരാറിന് ആവുമെന്നാണ് കരുതുന്നത്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ബന്ധം പുലര്‍ത്തുന്ന സംരംഭങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടായിരിക്കും ആദ്യവട്ട ചര്‍ച്ചകള്‍ നടക്കുക.
ഈയാഴ്ച അവസാനത്തോടെ കരാറില്‍ ഒപ്പുവയ്ക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനയ്ക്കും തായ്‌വാനുമിടയില്‍ വ്യോമഗതാഗതം വര്‍ദ്ധിപ്പിക്കാനും ധാരണയുണ്ട്. ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്ന ശ്രമങ്ങള്‍ക്ക് തായ്‌വാന്‍ പ്രസിഡന്‍റ് മാ യിംഗ് ജ്യൂ അടുത്തിടെ തുടക്കമിട്ടിരുന്നു.