കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന് ഒബാമ

വാഷിംഗ്ടണ്‍| WEBDUNIA|
കൂടുതല്‍ അമേരിക്കക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡന്‍റ് ബരാക് ഒബാ‍മ പറഞ്ഞു. വൈറ്റ് ഹൌസില്‍ നൂറ് ദിവസം പൂര്‍ത്തിയാക്കിയ ഒബാമ വാഷിംഗ്ടണില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു.

മാന്ദ്യം മറികടക്കുന്നതിന് മുമ്പായി കൂടുതല്‍ പ്രതിസന്ധികള്‍ അഭിമുഖീകരിക്കേണ്ടിവരുമെന്ന് ഒബാമ മുന്നറിയിപ്പ് നല്‍കി. മികച്ച രീതിയില്‍ പ്രവര്‍ത്തനം തുടങ്ങാനായെങ്കിലും തന്‍റെ സര്‍ക്കാര്‍ പ്രതീക്ഷിച്ചത്ര പ്രകടനം കാഴ്ചവച്ചില്ലെന്ന് ഒബാമ സമ്മതിച്ചു.

സാമ്പത്തിക മാന്ദ്യം രൂക്ഷമായതിനെത്തുടര്‍ന്ന് ദശലക്ഷകണക്കിന് അമേരിക്കക്കാ‍ര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. വിപണിയില്‍ പണമൊഴുക്ക് ഉയര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. വാഹാനവ്യവസായം പോലുള്ളവ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നതെന്നും ഒബാമ പറഞ്ഞു. വികലമായ സാമ്പത്തിക നയങ്ങള്‍ തന്‍റെ സര്‍ക്കാര്‍ പിന്തുടരുകയില്ലെന്ന് ഒബാമ ഉറപ്പുനല്‍കി.
വാള്‍ സ്ട്രീറ്റിന് പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തുന്ന നിയമത്തില്‍ ഈ വര്‍ഷമവസാനത്തോടെ ഒപ്പുവയ്ക്കുമെന്നും യുഎസ് പ്രസിഡന്‍റ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :