കാമത്തിന് പ്രതിഫലം പ്രതിവര്‍ഷം 1.23 കോടി

ബാംഗ്ലൂര്‍| WEBDUNIA| Last Modified തിങ്കള്‍, 30 മെയ് 2011 (20:00 IST)
രാജ്യത്തെ പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ പുതിയ ചെയര്‍മാനായ കെ വി കാമത്തിന് പ്രതിഫലം പ്രതിവര്‍ഷം 1.23 കോടി രൂപ. കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്ന നിലയില്‍ നിലവില്‍ ലഭിക്കുന്ന 56 ലക്ഷം രൂപയ്ക്ക് പുറമെ 67 ലക്ഷം സ്‌പെഷ്യല്‍ ഫീസായി നല്‍കാനാണ് ഇന്‍‌ഫോസിസ് തീരുമാനിച്ചിരിക്കുന്നത്.

പ്രതിഫല കമ്മിറ്റി ശുപാര്‍ശ ചെയ്ത ഈ ശമ്പളം ബോര്‍ഡ് അംഗീകരിച്ചിട്ടുണ്ട്.ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ ആര്‍ നാരായണമൂര്‍ത്തി വിരമിക്കുന്നതിനെത്തുടര്‍ന്ന് ഓഗസ്റ്റിലാണ് കാമത്ത് നോണ്‍-എക്‌സിക്യൂട്ടീവ് ചെയര്‍മാനായി ചുമതലയേല്‍ക്കുക.

ഇപ്പോള്‍ കാമത്ത് ഐസിഐസിഐ ബാങ്കിന്റെ നോണ്‍-എക്‌സിക്യൂട്ടീവ് ചെയര്‍മാനാണ്. അവിടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 30.6 ലക്ഷം രൂപയാണ് കാമത്തിന് ലഭിച്ചത്. ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗവും വിവിധ കമ്മിറ്റികളില്‍ അംഗവുമായ കാമത്തിന് സിറ്റിംഗ് ഫീസ് ഉള്‍പ്പെടെയാണ് ഈ തുക ലഭിച്ചത്. ഐസിഐസിഐ ബാങ്ക് നല്‍കിയതിനെക്കാള്‍ നാല് മടങ്ങ് പ്രതിഫലമാണ് ഇന്‍ഫോസിസ് കാമത്തിന് നല്‍കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :