ഇന്ത്യന്‍ കമ്പനിയായ ഓറഞ്ച് റിയാലിറ്റി പ്രൈവറ്റ് ലിമിറ്റഡില്‍ 2,000 കോടി രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. ഇന്നലെ ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭ സമിതിയാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
ഐആര്‍വിഒ-3 എന്ന വിദേശ കമ്പനിക്കാണ് ഓറഞ്ച് റിയാലിറ്റിയില്‍ നിക്ഷേപം നടത്താന്‍ അനുമതി നല്‍കിയത്. പുതിയ തീരുമാനത്തോടെ 2,051 കോടിയുടെ സെസ് പദ്ധതിയടക്കം വിവിധ തരത്തിലുള്ള നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ ഇന്ത്യന്‍ കമ്പനിക്ക് സാധിക്കും. ഓറഞ്ച് റിയാലിറ്റിയില്‍ നിക്ഷേപം നടത്തുന്നതിന് നേരത്തെ വിദേശ നിക്ഷേപ പ്രോല്‍സാഹന ബോര്‍ഡ് അനുമതി നല്‍കിയിരുന്നെങ്കിലും നിക്ഷേപം 600 കോടിക്ക് മുകളിലായതിനാല്‍ സിസിഇഎയുടെ അനുമതി ആവശ്യമായിവരികയായിരുന്നു.
നിബന്ധനകള്‍ക്ക് വിധേയമായി റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. അഗോള മാന്ദ്യത്തെത്തുടര്‍ന്ന് രാജ്യത്തേക്കുള്ള വിദേശ നിക്ഷേപം ഗണ്യമായി കുറഞ്ഞതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഈ തീരുമാനമെടുത്തിരുന്നത്.