സത്യം കുംഭകോണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഓഡിറ്റര്‍മാരുടെ ജാമ്യ ഹര്‍ജിയില്‍ വിധി പറയുന്നത് പ്രാദേശിക കോടതി നാളത്തേക്ക് മാറ്റി. ഹര്‍ജിയിന്‍മേല്‍ ഇന്ന് വിധി പറയാനിരിക്കുകയായിരുന്നു.
പ്രൈസ് വാട്ടര്‍ ഹൌസ് ഓഡിറ്റര്‍മാരായ എസ് ഗോപാലകൃഷ്ണന്‍, തല്ലൂരി ശ്രീനിവാസ് എന്നിവരുടെ ജാമ്യ ഹര്‍ജിയിലാണ് നമ്പര്‍ നാല് അഡീഷണല്‍ മെട്രോപൊളിറ്റന്‍ സെഷന്‍സ് കോടതി നാളെ വിധി പറയുക. ഇരുവരും ഇപ്പോള്‍ ജുഡിഷ്യല്‍ കസ്റ്റഡിയിലാണ്.
ഇന്ത്യന്‍ കോര്‍പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പെന്ന് കരുതപ്പെടുന്ന സത്യം ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സിബിഐ ഇതിനകം ഒമ്പത് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെയാണ് ഒരു മുതിര്‍ന്ന എക്സിക്യുട്ടീവ് അടക്കം മൂന്ന് ജീവനക്കാരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.