ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ റെക്കോര്‍ഡ് ടിക്കറ്റ് ബുക്കിംഗ്. വെള്ളിയാഴ്ച മാത്രം 5.02 ലക്ഷം ഇ- ടിക്കറ്റാണ് ബുക്ക് ചെയ്യപ്പെട്ടത്. കഴിഞ്ഞ ജൂലായ് ഏഴിന് 4.96 ലക്ഷം ഇ-ടിക്കറ്റ് ബുക്ക് ചെയ്ത റെക്കോര്‍ഡാണ് വെള്ളിയാഴ്ച മറികടന്നത്. തത്കാല്‍ ബുക്കിംഗിനും പൊതു അവധി സമയത്തെ ടിക്കറ്റ് ബുക്കിംഗിനും വെബ്സൈറ്റില്‍ തടസം നേരിടുന്നുവെന്ന പരാതിക്കിടെയാണ് റെക്കോര്‍ഡ് നേട്ടം കരസ്ഥമാക്കുന്നത്.
വെബ്സൈറ്റിന്റെ ശേഷി വര്‍ധിപ്പിക്കാന്‍ 3.5 കോടി രൂപയും സോഫ്റ്റ്വെയര്‍ ലൈസന്‍സിനും സംഭരണശേഷിയും വര്‍ധിപ്പിക്കാനും മറ്റൊരു മൂന്നു കോടിയും റെയില്‍വേ മുടക്കി കഴിഞ്ഞു. നാലുകോടി വിലമതിക്കുന്ന ഹെക്സാ കോര്‍ സെര്‍വറുകളും ഡ്യൂവല്‍ കോര്‍ സെര്‍വറുകളും ഉപയോഗിച്ച് വെബ്സൈറ്റ് നവീകരിക്കുമെന്നും റെയില്‍വേ വൃത്തങ്ങള്‍ വ്യക്തമാക്കി.
ഇപ്പോള്‍ മിനിട്ടില്‍ 2000 ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയുന്നിടത്ത് 7,200 എന്ന നിലയിലേക്ക് ഉയര്‍ത്തുമെന്ന് ബജറ്റ് പ്രസംഗത്തില്‍ റെയില്‍ മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ വ്യക്തമാക്കിയിരുന്നു.