എസ്‌ബിഐ കാര്‍ വായ്പ നിരക്ക് കുറച്ചു

ന്യൂഡല്‍ഹി| WEBDUNIA|
ഭവനവായ്പയില്‍ മൂന്ന് ശതമാനത്തോളം കുറവ് വരുത്തിയ ശേഷം രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാ‍ങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കാര്‍ വായ്പ പലിശ നിരക്കിലും 1.5 ശതമാനത്തിന്‍റെ കുറവ് പ്രഖ്യാപിച്ചു. കാര്‍ വാ‍യ്പ നിരക്ക് 10 ശതമാനമായാണ് എസ്‌ബി‌ഐ കുറച്ചത്.

വായ്പകളിന്‍‌മേലുള്ള ഉയര്‍ന്ന പലിശനിരക്ക് കാരണം അലസത ബാധിച്ച വാഹനവ്യവസായത്തെ ഉത്തേജിപ്പിക്കാന്‍ എസ്‌ബി‌ഐയുടെ പുതിയ പ്രഖ്യാപനം സഹായിച്ചേക്കും. എസ്‌ബി‌ഐയുടെ തീരുമാനം പലിശനിരക്കില്‍ കുറവ് വരുത്താന്‍ മറ്റ് ബാങ്കുകളെയും പ്രേരിപ്പിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം, പുതിയ ഇളവുകള്‍ ഫെബ്രുവരി 23 മുതല്‍ മെയ് 31 വരെ മാത്രമെ ഉണ്ടാകുകയുള്ളൂ എന്ന് ഒരു മുതിര്‍ന്ന ബാങ്ക് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

നിലവില്‍ 11.5 ശതമാനം പലിശ നിരക്കിലാണ് ബാങ്ക് കാര്‍ ലോണ്‍ അനുവദിക്കുന്നത്. പുതിയ പ്രഖ്യാപനത്തോടെ പലിശ നിരക്ക് പ്രഥമ നിരക്കിനേക്കാള്‍ 75 പോയന്‍റ് കുറഞ്ഞു. ഒരു ലക്ഷത്തോളം കാര്‍ വായ്പകളാണ് 2008-09 വര്‍ഷത്തില്‍ ബാങ്ക് അനുവദിച്ചത്. 2009-10 വര്‍ഷത്തില്‍ ഇത് രണ്ട് ലക്ഷമാകുമെന്നാണ് ബാങ്ക് പ്രതീക്ഷിക്കുന്നത്. 84 മാസം വരെ തിരിച്ചടവ് കാലാവധി ഉണ്ടെന്നതാണ് എസ്‌ബി‌ഐ കാര്‍ വായ്പയുടെ പ്രത്യേകത.

കാര്‍ഷികവായ്പ പലിശ നിരക്കും എട്ട് ശതമാനമായി കുറച്ചിട്ടുണ്ട്. നിലവില്‍ വായ്പ തുകയ്ക്കനുസരിച്ച് 10.5 മുതല്‍ 14.25 ശതമാനംവരെ പലിശയാണ് കര്‍ഷിക വായ്പയിന്‍‌മേല്‍ ഈടാക്കിക്കൊണ്ടിരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :