എസ്ബിഐ ആവശ്യമെങ്കില്‍ പലിശ കുറയ്ക്കും

ജംഷെഡ്പൂര്‍| WEBDUNIA|
അടുത്ത സാമ്പത്തിക വര്‍ഷം ആവശ്യമെങ്കില്‍ പലിശ നിരക്കില്‍ കൂടുതല്‍ കുറവേര്‍പ്പെടുത്തുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കി. വായ്പയിലും നിക്ഷേപത്തിലും നടപ്പ് വര്‍ഷം കാര്യമായ കുറവുണ്ടായ സാഹചര്യത്തില്‍ പലിശ നിരക്ക് കൂടുതല്‍ കുറയ്ക്കേണ്ടതുണ്ടെന്ന് എസ്ബിഐ ചെയര്‍മാന്‍ ഒപി ഭട്ട് പറഞ്ഞു.

അതേസമയം ഉപഭോഗത്തിലുണ്ടായ കുറവാണൊ ഉയര്‍ന്ന പലിശ നിരക്കാണൊ നടപ്പ് വര്‍ഷം വായ്പ വളര്‍ച്ച കുറച്ചതെന്ന് നിലവിലെ സാഹചര്യത്തില്‍ പറയാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത് കൂടുതല്‍ പരിശോധിച്ച് ആവശ്യമായ നടപടി ബാങ്ക് സ്വീകരിക്കുമെന്ന് ഭട്ട് പറഞ്ഞു. വായ്പ വളര്‍ച്ച അടുത്ത വര്‍ഷം ഉയര്‍ന്നേക്കുമെങ്കിലും ഇത് ആഗോള സാമ്പത്തിക സഹചര്യത്തേയും അടുത്ത സര്‍ക്കാരിന്‍റെ സാമ്പത്തിക നയങ്ങളേയും ആശ്രയിച്ചിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കര്‍ഷകരുടെയും ചെറുകിട വന്‍കിട വ്യവസായ സംരംഭങ്ങളുടെയും പ്രിയപ്പെട്ട ബാങ്കായി എസ്ബിഐ മാറിയതായി ഭട്ട് ചൂണ്ടിക്കാട്ടി. ബാങ്കിന്‍റെ ശാഖകള്‍ വിപുലപ്പെടുത്താന്‍ ശ്രമങ്ങള്‍ നടക്കുന്നതായി അദ്ദേഹം അറിയിച്ചു. നിലവില്‍ ബാങ്കിന് 11,000 എടിഎമ്മുകളാണുള്ളത്. ഇത് അടുത്ത മാസത്തോടെ 15,000 ആകുമെന്നും ഭട്ട് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :