ലോകസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിഎസ്‌എന്‍എല്‍ രാജ്യത്ത് ഇന്ത്യ ഗോള്‍ഡന്‍ 50 സ്കീം പ്രഖ്യാപിച്ചു. രാജ്യത്തിനകത്തുള്ള എല്ലാ കാള്‍ നിരക്കും ഒരു രൂപ നിരക്കിലേക്ക് കൊണ്ട് വരുന്ന ഈ പദ്ധതി ഭാവിയില്‍ എസ്ടിഡി കോളുകള്‍ 50 പൈസയാക്കി കുറയ്ക്കാനും ലക്‍ഷ്യമിടുന്നു. ചെന്നൈയില്‍ ബിഎസ്‌എന്‍എല്ലിന്‍റെ 3ജി സേവനങ്ങളുടെ സമര്‍പ്പണവേളയിലാണ് ഈ പ്രഖ്യാപനമുണ്ടായത്. ബിഎസ്എന്‍എല്‍ പ്രീ-പെയ്ഡ് വരിക്കാര്‍ക്കുള്ള ഈ സേവനം മാര്‍ച്ച് ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു.
ഇന്നലെ ബിഎസ്‌എന്‍എല്‍ 3ജി സേവനങ്ങളുടെ ഉല്‍ഘാടനം തമിഴ്നാട് മുഖ്യമന്ത്രി എം കരുണാനിധി നിര്‍വഹിച്ചു. ആശുപത്രിയില്‍ കഴിയുന്ന മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഉല്‍ഘാടനകര്‍മ്മം നിര്‍വഹിച്ചത്. രാജ്യത്ത് 3ജി സംവിധാനം നടപ്പാക്കുന്ന ആദ്യനഗരങ്ങളില്‍ ഒന്നാണ് ചെന്നൈ. ഫിബ്രവരി അവസാനത്തോടെ ലഖ്‌നൗ, ആഗ്ര, ഡെറാഡൂണ്‍, അംബാല, ജമ്മു, ഷിംല, ജയ്‌പുര്‍, ജലന്ധര്‍, പട്‌ന, ദുര്‍ഗാപുര്‍, ഹാല്‍ദിയ, റാഞ്ചി, ഭുവനേശ്വര്‍ എന്നിവിടങ്ങളിലും നടപ്പാക്കും.
2700 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലാ ആസ്ഥാനങ്ങളും പ്രധാന വ്യവസായനഗരങ്ങളും ഉള്‍പ്പെടുത്തി 700 നഗരങ്ങളില്‍ ത്രീജി ലഭ്യമാക്കും. ത്രീജി സിംകാര്‍ഡിന്‍റെ വില 300രൂപയാണ്. ഒരു മാസത്തെ കാലാവധിയില്‍ 350, 650, 1350 രൂപയ്‌ക്കുള്ള ആക്ടിവേഷന്‍ വൗച്ചറുകള്‍ ലഭിക്കും. ഒരു രൂപയായിരിക്കും എസ്.ടി.ഡി. നിരക്ക്.