ലാര്‍സണ്‍ ആന്‍ഡ് ട്യൂബ്രോ (എല്‍ ആന്‍ഡ് ടി) ഐടി വ്യവസായം അവസാനിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. എല്‍ ആന്‍ഡ് ടി ഇന്‍ഫോടെക് എന്ന പേരിലുള്ള കമ്പനി വില്‍ക്കാന്‍ തീരുമാനിച്ചതായാണ് സൂചന. ജാപ്പനീസ് കമ്പനിയായ ഫുജിറ്റ്‌സു ഏറ്റെടുക്കലിനായി താത്പര്യം പ്രകടിപ്പിച്ചതായും വാര്‍ത്തകളുണ്ട്. എന്നാല്‍ ഫുജിറ്റ്‌സുവിന്റെ ഇന്ത്യന്‍ അനുബന്ധ കമ്പനി ഇക്കാര്യം നിഷേധിച്ചു.
ഐടി രംഗത്തെ പ്രമുഖ കമ്പനികളായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), ഇന്‍ഫോസിസ്, വിപ്രോ എന്നിവയുമായി പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് എല്‍ ആന്‍ഡ് ടി ഐടി കമ്പനി വില്‍ക്കാനൊരുങ്ങുന്നത്. 2009ല്‍ സത്യം കമ്പ്യൂട്ടേഴ്‌സിനെ ഏറ്റെടുത്തുകൊണ്ട് കമ്പനിയുടെ അടിത്തറ ശക്തിപ്പെടുത്താന്‍ ശ്രമിച്ചതെങ്കിലും നടന്നില്ല. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പാണ് പ്രതിസന്ധിയില്‍ പെട്ട സത്യം കമ്പ്യൂട്ടേഴ്‌സിനെ ഏറ്റെടുത്തത്.
എല്‍ ആന്‍ഡ് ടി ഇന്‍ഫോടെക്കില്‍ 12,000ത്തോളം പേരാണ് ജോലി ചെയ്യുന്നത്. 2,080 കോടി രൂപ വിറ്റുവരവുള്ള കമ്പനിയുടെ അറ്റാദായം 281 കോടി രൂപയാണ്.