എറ്റിയോസ് വിപണി കീഴടക്കുമെന്ന് ടൊയോട്ട

ന്യൂഡല്‍ഹി| WEBDUNIA|
പുതിയ മോഡലായ എറ്റിയോസിന്‍റെ 70000 യൂണിറ്റുകള്‍ പ്രതിവര്‍ഷം ഇന്ത്യയില്‍ വില്‍ക്കാന്‍ സാധിക്കുമെന്ന് മോട്ടോഴ്സിന് പ്രതീക്ഷ. വളരെ കുറച്ചുകാലം കൊണ്ട് വിപണിയില്‍ ഇടം കണ്ടെത്താന്‍ മോഡലിന് കഴിയുമെന്ന് ടൊയോട്ട കിര്‍ലോസ്കര്‍ മോട്ടോര്‍ ഡപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ സന്ദീപ് സിംഗ് പറഞ്ഞു.

കിര്‍ലോസ്കറുമായി ചേര്‍ന്നാണ് ടൊയോട്ട ഇന്ത്യയില്‍ കാര്‍ വിപണിയിലിറക്കുന്നത്. 2011ല്‍ എറ്റിയോസ് വിപണിയിലിറക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കമ്പനിയുടെ ബാംഗ്ലൂരിലെ പ്ലാന്‍റിലാണ് എറ്റിയോസ് നിര്‍മ്മിക്കുക. ഇന്ത്യന്‍ വിപണി ലക്‍ഷ്യമിട്ടാണ് എറ്റിയോസ് ചെറുകാര്‍ ടൊയോട്ട വികസിപ്പിച്ചത്.

ഡീലര്‍മാരുടെ എണ്ണം 97ല്‍ നിന്ന് 150 ആയി ഉയര്‍ത്തുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാല് വര്‍ഷത്തോളം ഇന്ത്യയിലും ജപ്പാനിലും 20000 എഞ്ജിനീയര്‍മാരാണ് എറ്റിയോസ് നിര്‍മ്മാണത്തിലേര്‍പ്പെട്ടത്. എറ്റിയോസിന്‍റെ വില സംബന്ധിച്ച് ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. 10000 ഡോളറിന് താഴെയായിരിക്കും മോഡലിന്‍റെ വില എന്നാണ് കരുതുന്നത്.

ടൊയോട്ടയുടെ രാജ്യാന്തര വികസനത്തില്‍ സുപ്രധാന പങ്കാണ് വഹിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ കൂടുതല്‍ വളര്‍ച്ച നേടാനുള്ള സമയമാണിതെന്ന് ടൊയോട്ട വൈസ് ചെയര്‍മാന്‍ കസുവൊ ഒകാമോട്ടോ പറഞ്ഞു. ഡല്‍ഹി ഓട്ടോ എക്സ്പോയുടെ ഭാഗമായുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :