പ്രമുഖ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍ നാളെ മുതല്‍ കേരളത്തിലും 3ജി സേവനം ലഭ്യമാകും. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവ അടക്കമുള്ള പ്രമുഖ നഗരങ്ങളിലാണ് ആദ്യഘട്ടത്തില്‍ എയര്‍ടെല്‍ 3ജി ലഭ്യമാകുക.
മൊബൈല്‍ ഹാന്‍ഡ്‌സെറ്റിന് പുറമെ എയര്‍ടെല്‍ ഹൈസ്പീഡ് യു എസ് ബി ഡാറ്റാ കാര്‍ഡുകള്‍ ഉപയോഗിച്ച് ടാബ്‌ലറ്റ് പി സി, ലാപ്‌ടോപ് തുടങ്ങിയവയിലും 3ജി ലഭിക്കും. നിലവിലുള്ള ഇന്റര്‍നെറ്റ് ഉപയോഗം വിലയിരുത്തി ഉചിതമായ എയര്‍ടെല്‍ 3ജി പ്ലാന്‍ തെരഞ്ഞെടുക്കാന്‍ പ്രാപ്തമാക്കുന്ന ഇന്റര്‍നെറ്റ് യൂസേജ് കാല്‍ക്കുലേറ്ററും കമ്പനി ലഭ്യമാക്കിയിട്ടുണ്ട്.
മള്‍ട്ടി മീഡിയ സേവനങ്ങള്‍, ഹൈ സ്പീഡ് മൊബൈല്‍ ബ്രോഡ്ബാന്‍ഡ്, വീഡിയോ ഓണ്‍ ഫോണ്‍, ലൈവ് ടി.വി, വീഡിയോ കോള്‍ തുടങ്ങിയ നിരവധി സേവനങ്ങളാണ് എയര്‍ടെല്‍ 3ജി ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. എയര്‍ടെല്‍ 3ജിയിലെ വീഡിയോ ടാക്കീസ് പോര്‍ട്ടലിലൂടെ പ്രമുഖ ഹിന്ദി സിനിമകളും മലയാളമടക്കമുള്ള പ്രാദേശിക ഭാഷാ ചിത്രങ്ങളും മൊബൈല്‍ ഫോണില്‍ ആസ്വദിക്കാനാകുമെന്ന് കമ്പനി അധികൃതര്‍ അവകാശപ്പെടുന്നു.