എന്റെ പൊന്നേ നിന്നെ ഇനി എന്തു ചെയ്യും?

ന്യൂഡല്‍ഹി: | WEBDUNIA|
PRO
PRO
പൊന്നേ നിന്നെ ഇനി എന്തു ചെയ്യും? ആരെങ്കിലും ഇങ്ങനെ പറഞ്ഞാല്‍ അതിശയിക്കേണ്ടതില്ല. കാരണം സ്വര്‍ണ വിപണിക്ക് അടുത്ത ഇരുട്ടടിയായി സ്വര്‍ണ അയിരുകളുടെയും ഡോര്‍ ബാറുകളുടെയും ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ ഇരട്ടിയിലധികം വര്‍ധിപ്പിച്ചു. സ്വര്‍ണ ഡോര്‍ ബാറുകളുടെ ഇറക്കുമതി തീരുവ രണ്ടു ശതമാനത്തില്‍ നിന്നും അഞ്ചു ശതമാനമായാണ് ഉയര്‍ത്തിയത്. സ്വര്‍ണം, പ്ളാറ്റിനം എന്നിവയുടെ ഇറക്കുതി തീരുവ ഉയര്‍ത്തിയതിനു പിന്നാലെയാണ് പുതിയ തീരുമാനം. ഇതോടെ സ്വര്‍ണത്തിന്റെ വില ഉയരുമെന്ന കാര്യം ഉറപ്പായി.

പ്രതിവര്‍ഷം നൂറ് ടണ്‍ ഡോര്‍ ബാറാണ് ഇന്ത്യ ഇറക്കുമതി നടത്തുന്നത്. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ നാലു ശതമാനത്തില്‍ നിന്നും ആറു ശതമാനമായി വര്‍ദ്ധിപ്പിച്ചതോടെ അസംസ്‌കൃത സ്വര്‍ണത്തിന്റെ ഇറക്കുമതി കൂടാനുള്ള സാധ്യത കണക്കിലെടുത്താണ് ഡോര്‍ ബാറുകളുടെ തീരുവയും വര്‍ദ്ധിപ്പിച്ചത്. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ലോഹസങ്കരമായ ഡോര്‍ സംസ്ക്കരിച്ചാണ് ശുദ്ധ സ്വര്‍ണം ഉണ്ടാക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഇറക്കുമതി രാജ്യമായ ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി റെക്കാഡ് ഉയരത്തിലെത്തിയതിനു പ്രധാന കാരണം സ്വര്‍ണ ഇറക്കുമതിയിലെ വന്‍ വര്‍ദ്ധനയാണ്. ഉയര്‍ന്ന തീരുവ ഏ ര്‍പ്പെടുത്തുന്നതോടെ സ്വര്‍ണ ഉപഭോഗം കുറയുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ക്രൂഡോയില്‍ കഴിഞ്ഞാല്‍ ഇന്ത്യയിലേക്ക് എത്തുന്ന പ്രധാന ഇറക്കുമതി ഉത്‌പന്നം സ്വര്‍ണമാണ്.

പൊതു മേഖലാ സ്ഥാപനമായ മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ട്രേഡിംഗ് കോര്‍പ്പറേഷനും(എം. എം. ടി. സി) സ്വകാര്യ കമ്പനികളായ പാംസ്, രാജേഷ് എക്‌സ്പോര്‍ട്ടേഴ്സ് എന്നിവയുമാണ് അസംസ്‌കൃത സ്വര്‍ണം പ്രധാനമായും ഇറക്കുമതി നടത്തുന്നത്.

എന്നാല്‍ സ്വര്‍ണത്തിന്റെയും അസംസ്കൃത സ്വര്‍ണത്തിന്റെയും തീരുവയിലുള്ള വ്യത്യാസം നേരിയതു മാത്രമായതിനാല്‍ ഇറക്കുമതി കുറയാനിടയില്ലെന്നാണ് വിപണി നല്‍കുന്ന സൂചന. സംസ്‌ക്കരിച്ച സ്വര്‍ണത്തിന് നിലവില്‍ ആറു ശതമാനവും അസംസ്‌കൃത സ്വര്‍ണത്തിന് അഞ്ചു ശതമാനവുമാണ് ഇറക്കുമതി തീരുവ. ഇവ തമ്മിലുള്ള ഒരു ശതമാനം വ്യത്യാസം പോലും മികച്ച ലാഭം സ്വര്‍ണ ഉത്‌പാദകര്‍ക്ക് ലഭ്യമാക്കും. ഇതിനിടെ ഖാന, കെനിയ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളിലെ ചെറിയ ഖനികളില്‍നിന്നും കുറഞ്ഞ ചെലവില്‍ ഡോര്‍ ബാറുകള്‍ വാങ്ങാനുള്ള നീക്കം റിഫൈനറികള്‍ ശക്തമാക്കിയിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :