എണ്ണ വില കുറഞ്ഞു

സിംഗപ്പൂര്‍| WEBDUNIA|
അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില വീണ്ടും ഇടിഞ്ഞു. ന്യൂയോര്‍ക്ക്‌ മെര്‍ക്കെന്‍റൈല്‍ എക്സ്ചേഞ്ചില്‍ മാര്‍ച്ചിലെ വിതരണത്തിനുള്ള ലൈറ്റ്, സ്വീറ്റ് ക്രൂഡോയില്‍ വില ബാരലിന് 63 സെന്‍റ് കുറഞ്ഞ് 38.85 ഡോളറിലെത്തി.

വ്യാഴാഴ്ച ക്രൂഡ് ഓയില്‍ വിലയില്‍ 4.86(14 സെന്‍റ്) ഡോളറിന്‍റെ ഉയര്‍ച്ച രേഖപ്പെടുത്തിയിരുന്നു. 39.48 ഡോളറിനാണ് കഴിഞ്ഞ ദിവസം വ്യാപാരം അവസാനിപ്പിച്ചത്. ഏപ്രില്‍ വിതരണത്തിനുള്ള ക്രൂഡിന്‍റെ വില വ്യാഴാഴ്ച 2.77 ഡോളര്‍ ഉയര്‍ന്ന് 40.18 ഡോളറിലെത്തിയിരുന്നെങ്കിലും ഇന്ന് വീണ്ടും 68 സെന്‍റ് കുറഞ്ഞ് 39.50 ഡോളറിലെത്തി.

ക്രൂഡ് ഓയില്‍ സ്റ്റോക്കില്‍ കഴിഞ്ഞ വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ 200,000 ബാരലിന്‍റെ കുറവ് വന്നെന്ന എനര്‍ജി ഇന്‍ഫോര്‍മേഷന്‍ അഡ്മിനിസ്ട്രേഷന്‍റെ റിപ്പോര്‍ട്ട് വന്നതോടെയാണ് കഴിഞ്ഞ ദിവസം എണ്ണവിലയില്‍ കാര്യമായ ഉയര്‍ച്ച ഉണ്ടായത്. സ്റ്റോക്കില്‍ 3.5 മില്യണ്‍ ഡോളറിന്‍റെ ഉയര്‍ച്ച ഉണ്ടാവുമെന്നാണ് നേരത്തെ പ്രതീക്ഷിച്ചിരുന്നത്.

എന്നാല്‍ എണ്ണ ഉപഭോഗം കുറയുമെന്ന നിക്ഷേപകരുടെ ആശങ്ക നിലനില്‍ക്കുന്നതിനാല്‍ വിലയില്‍ വീണ്ടും ഇടിവ് സംഭവിക്കുകയായിരുന്നു. ഒബാമ ഭരണകൂടം അനുവദിച്ച 787 ബില്യണ്‍ ഡോളറിന്‍റെ സാമ്പത്തിക സഹായ പദ്ധതി നിലവിലെ മാന്ദ്യം മറികടക്കാന്‍ പര്യാപ്തമല്ലെന്ന സൂചനകള്‍ വ്യവസായ മേഖലകള്‍ പ്രകടപ്പിച്ചുതുടങ്ങിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ജൂണില്‍ എണ്ണ വില ബാരലിന് 147.27 ഡോളറിലെത്തിയതിനു ശേഷം ഏതാണ്ട് 75 ശതമാനത്തിന്‍റെ കുറവാണ് സംഭവിച്ചിരിക്കുന്നത്. ഡിസംബറില്‍ എണ്ണവില പോയവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 33.20 ഡോളറിലെത്തി റെക്കോര്‍ഡിട്ടിരുന്നു. അമേരിക്കന്‍ സാമ്പത്തിക തകര്‍ച്ചയും കനത്ത തൊഴില്‍ നഷ്ടവും എണ്ണ ഉപഭോഗം കുറച്ചതാണ് വിലയിടിവിന് കാരണമായത്.

അമേരിക്കയില്‍ 2009ല്‍ ജനുവരിയില്‍ മാത്രം 5.98 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമായിരുന്നു. രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയായ ജപ്പാനും വെല്ലുവിളി നേരിടുകയാണ്. ജപ്പാന്‍റെ സാമ്പത്തിക വളര്‍ച്ച മൂന്നാം പാദത്തെ അപേക്ഷിച്ച് 3.3 ശതമാനത്തിന്‍റെ കുറവാണ് നാലാം പാദത്തില്‍ നേരിട്ടത്. 1974ന് ശേഷം ആ രാജ്യം നേരിടുന്ന ഏറ്റവും കുറഞ്ഞ വളര്‍ച്ചയാണിത്. മറ്റ് വികസിത രാ‍ജ്യങ്ങളിലെ സാമ്പത്തിക സ്ഥിതിയും മെച്ചമല്ലാത്തതിനാല്‍ എണ്ണവിലയില്‍ ഉടനെയൊരു ഉയര്‍ച്ച ഉണ്ടാവില്ലെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ സപ്തംബര്‍ മുതല്‍ എണ്ണ ഉല്‍‌പാദനത്തില്‍ 4.2 മില്യണ്‍ ബാരലിന്‍റെ കുറവ് ഏര്‍പ്പെടുത്താനുള്ള ഒപെക്കിന്‍റെ തീരുമാനത്തിനും വില പിടിച്ചു നിര്‍ത്താനായില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :