അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില ഉയര്‍ന്നു. ആറ് ശതമാനത്തോളം ഉയര്‍ച്ചയാണ് ബുധനാഴ്ച വ്യാപാരത്തില്‍ പ്രകടമായത്. യുഎസ് ക്രൂഡിന്‍റെ വില 2.45 ഡോളര്‍ ഉയര്‍ന്ന് ബാരലിന് 42.41 ഡോളറായി. അതേസമയം, ലണ്ടന്‍ ബ്രന്‍റ് ക്രൂഡിന് 1.60 ഡോളറിന്‍റെ ഉയര്‍ച്ചയില്‍ ബാരലിന് 44.10 ഡോളറാണ് വില.
ഫെബ്രുവരി 20ന് അവസാനിച്ച നാലാഴ്ചത്തെ കാലയളവില്‍ ഇന്ധന ആവശ്യകതയില്‍ 1.7 ശതമാനം ഉയര്‍ച്ചയുണ്ടായെന്ന യു എസ് എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്ട്രേഷന്‍റെ റിപ്പോര്‍ട്ട് എണ്ണവിലയെ സ്വാധീനിച്ചു. ക്രൂഡ് ഇന്‍വന്‍ററികള്‍ 700000 ബാരലായി ഉയര്‍ന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം യുഎസ് ഗ്യാസൊലിന്‍ ഇന്‍വന്‍ററികള്‍ 3.4 മില്യണ്‍ കുറഞ്ഞതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
യുഎസ് ഓഹരി വിപണികള്‍ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ച സാഹചര്യത്തിലാണ് എണ്ണവില ഉയര്‍ന്നത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ എണ്ണ വില ബാരലിന് 147.27 ഡോളറിലെത്തിയതിനു ശേഷം ഏതാണ്ട് 75 ശതമാനത്തിന്‍റെ കുറവാണ് സംഭവിച്ചത്. ഡിസംബറില്‍ എണ്ണവില പോയവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 33.20 ഡോളറിലെത്തി റെക്കോര്‍ഡിട്ടിരുന്നു. അമേരിക്കന്‍ സാമ്പത്തിക തകര്‍ച്ചയും കനത്ത തൊഴില്‍ നഷ്ടവും എണ്ണ ഉപഭോഗം കുറച്ചതാണ് വിലയിടിവിന് കാരണമായത്.
എണ്ണവില ക്രമാതീതമായി കുറഞ്ഞതോടെ ഉല്‍പാദനത്തില്‍ കുറവ് വരുത്താന്‍ എണ്ണയുല്‍പാദന രാഷ്ട്രങ്ങളുടെ സംഘടനയായ ഒപെക് നേരത്തെ തീരുമാനിച്ചിരുന്നു. മാര്‍ച്ചില്‍ നടക്കുന്ന ഒപെക് യോഗത്തില്‍ കൂടുതല്‍ കുറവേര്‍പ്പെടുത്തുമെന്ന സൂചനകളും എണ്ണ വില ഉയരാന്‍ കാരണമായി.