ആഗോള എണ്ണ വിപണിയില്‍ ക്രൂഡോയില്‍ വില വീപ്പയ്ക്ക് 134 ഡോളറിനു താഴെയായി. തിങ്കളാഴ്ച വൈകിട്ട് വിപണിയില്‍ ക്രൂഡ് വില 140 ഡോളറിനു മുകളിലെത്തി റിക്കോഡ് സൃഷ്ടിച്ചിരുന്നു.
എണ്ണ ഉല്‍പ്പാദനത്തിനായി സൌദി അറേബ്യ കൂടുതല്‍ നിക്ഷേപം നടത്തുമെന്ന് ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു. നേരത്തെ പ്രതിദിന ഉല്‍പ്പാദനം 2 ലക്ഷം വീപ്പ നിരക്കില്‍ ജൂലൈ മുതല്‍ വര്‍ദ്ധിപ്പിക്കുമെന്ന് സൌദി അറേബ്യ സമ്മതിച്ചതായി ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അറിയിച്ചിരുന്നു. എങ്കിലും വില തിങ്കളാഴ്ച 140 ഡോളര്‍ കവിയുകയാണുണ്ടായത്.
എന്നാല്‍ എണ്ണ ഉപഭോഗത്തില്‍ മുന്നില്‍ നില്ക്കുന്ന അമേരിക്കയുടെ എണ്ണ ശേഖരം സംബന്ധിച്ച കണക്കുകള്‍ പുറത്തുവരാന്‍ കാത്തിരിക്കുകയാണ് ഈ രംഗത്തെ വ്യാപാരികളും നിക്ഷേപകരും. എണ്ണ ശേഖരം കുറയുകയാണെങ്കില്‍ അമേരിക്ക എണ്ണ ഗണ്യമായ തോതില്‍ വാങ്ങുന്നതിനു തയ്യാറാവും.
ഇത് വിപണിയില്‍ വീണ്ടും വില വര്‍ദ്ധിക്കാന്‍ ഇടയാക്കും. നിലവിലെ സൂചനകള്‍ അനുസരിച്ച് അമേരിക്കയിലെ എണ്ണ ശേഖരത്തില്‍ കുറഞ്ഞത് 2 മില്യന്‍ വീപ്പയുടെ കുറവെങ്കിലും ഉണ്ടാകുമെന്നാണ് കരുതുന്നത്.
ഈ വര്‍ഷം തന്നെ എണ്ണ വില വീപ്പയ്ക്ക് 200 ഡോളര്‍ വരെ ഉയരുമെന്ന് നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അമേരിക്കന്‍ വിപണിയില്‍ ജൂലൈ ഡെലിവറി എണ്ണ വീപ്പയ്ക്ക് 58 സെന്റ് കുറഞ്ഞ് 133.43 ഡോളര്‍ എന്ന നിലയിലേക്ക് താണിരുന്നു.
വിപണി അവസാനിച്ച സമയത്ത് ഇത് 134.01 ഡോളറായി വീണ്ടും കുറഞ്ഞു. അതേ സമയം ലണ്ടന്‍ വിപണിയില്‍ എണ്ണ വില 60 സെന്റ് താണ് 133.12 ഡോളറായും താണു.