ഈ വര്‍ഷം ശമ്പളവര്‍ദ്ധന 8.2 ശതമാനം

ന്യൂഡല്‍ഹി| WEBDUNIA|
ഇന്ത്യയില്‍ ഈ വര്‍ഷത്തെ ശരാശരി ശമ്പള വര്‍ദ്ധന 8.2 ശതമാനമായിരിക്കുമെന്ന് ആഗോള എച്ച് ആര്‍ സംരംഭമായ ഹെവിറ്റ് അസോസിയേറ്റ്സ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷത്തെ 13.3 ശതമാനത്തേക്കാള്‍ വളരെ കുറവാണ് ഇതെങ്കിലും ഏഷ്യ - പസഫിക് റീജിയണിലെ കൂടിയ നിരക്ക് ഇന്ത്യയിലായിരിക്കുമെന്നും ഹെവിറ്റ് അഭിപ്രായപ്പെടുന്നു.

ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയിലായിരിക്കും ഏറ്റവും കൂടുതല്‍ വര്‍ദ്ധന. പതിമൂന്ന് ശതമാനത്തിന്‍റെ ശമ്പള വര്‍ദ്ധനയാണ് ഈ മേഖലയില്‍ പ്രതീക്ഷിക്കുന്നത്. അതേസമയം മൊത്ത വ്യാപാരവും വിതരണവും അടക്കമുള്ള റീടെയില്‍ മേഖലയിലാണ് കുറഞ്ഞ ശമ്പള വര്‍ദ്ധന പ്രതീക്ഷിക്കുന്നത്(5.3 ശതമാനം).

വിനോദ മേഖലകളില്‍ 7.5 ശതമാനം ശമ്പള വര്‍ദ്ധനയാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 14.7 ശതമാനമായിരുന്നു. ടെലി കമ്യൂണികേഷന്‍ മേഖലയില്‍ 11.3 ശതമാനവും കെമിക്കല്‍‌സ് മേഖലയില്‍ 10.9 ശതമാനവും ഹോസ്പിറ്റല്‍ മേഖലയില്‍ 10.8 ശതമാനവും ഉയര്‍ച്ച പ്രതീക്ഷിക്കുമ്പോള്‍ ഐ‌ടി മേഖലയില്‍ 5.7 ശതമാനവും ബാങ്കിംഗ്, ഫിനാന്‍സ്, ഇന്‍ഷുറന്‍സ് മേഖലയില്‍ 6.3 ശതമാനവും എനര്‍ജി രംഗത്ത് 7.3 ശതമാനവുമാണ് വര്‍ദ്ധന പ്രതീക്ഷിക്കുന്നത്.

ഏഷ്യാ പസഫിക് പ്രദേശത്ത് ഇന്ത്യയ്ക്ക് ശേഷം ചൈനയിലാണ് കൂടുതല്‍ ശമ്പള വര്‍ദ്ധനയ്ക്ക് സാധ്യത. എട്ട് ശതമാനം ഉയര്‍ച്ചയാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. തായ്‌ലന്‍ഡില്‍ ആറ് ശതമാനം വര്‍ദ്ധന പ്രതീക്ഷിക്കുന്നു. ഓസ്ട്രേലിയ, ഹോങ്കോംഗ്, കൊറിയ, ജപ്പാന്‍, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍, മലേഷ്യ, തായ്‌വാന്‍ എന്നിവയാണ് ഏഷ്യാ പസഫിക് പ്രദേശത്തെ മറ്റ് രാഷ്ട്രങ്ങള്‍.

കഴിഞ്ഞ ഡിസംബര്‍ - ജനുവരി മാസങ്ങളിലാണ് സര്‍വേ നടത്തിയത്. ഇന്ത്യയില്‍ 480 കമ്പനികളിലാണ് സര്‍വേ നടന്നത്, ഇതില്‍ 60 ശതമാനം മള്‍ട്ടി നാഷണല്‍ കമ്പനികളും 40 ശതമാനം ഇന്ത്യന്‍ കമ്പനികളുമാണ്.

2002ന് ശേഷം ഇത് ആദ്യമായാണ് ഇത്രയും കുറഞ്ഞ ശമ്പള വര്‍ദ്ധന നിരക്ക് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം ആഗോള മാന്ദ്യം കൂടുതല്‍ രൂക്ഷമാകുകയാണെങ്കില്‍ നിരക്ക് ഇതിലും കുറയുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യന്‍ കമ്പനികളില്‍ 16 ശതമാനത്തോളം ഈ വര്‍ഷം ശമ്പള വര്‍ദ്ധന നടപ്പാക്കില്ലെന്ന് അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :