ഇരുപത്തി ഒന്നാം നൂറ്റാണ്ട് ഇന്ത്യയുടേതായിരിക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി പറഞ്ഞു. ലോകം കൂടുതല്‍ വയസാവുമ്പോള്‍ ഇന്ത്യ കൂടുതല്‍ ചെറുപ്പമാവുകയാണെന്നും രാജ്യത്തിന്‍റെ വളര്‍ച്ച ഈ നൂറ്റാണ്ടിലും തുടരുമെന്നും അംബാനി അഭിപ്രായപ്പെട്ടു.
മുംബൈയില്‍ നടക്കുന്ന ബിസിനസ് ലോ കോന്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ നൂറുകോടി ജനങ്ങളില്‍ 44 ശതമാനവും 19 വയസ്സിന് താഴെയുള്ളവരാണെന്ന കാര്യം അംബാനി ചൂണ്ടിക്കാട്ടി. അടുത്ത ഇരുപത് വര്‍ഷത്തിനകം രാജ്യത്തെ 400 മില്യണ്‍ ജനങ്ങളും 35 വയസിന് താഴെയുള്ളവരാകുമെന്ന് അദ്ദേഹം വിലയിരുത്തി. ഈ കാലയളവില്‍ അറുപത് വയസ്സിന് മുകളിലുള്ളവര്‍ 10 ശതമാനം മാത്രമാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമായും നാല് കാര്യങ്ങളാണ് ലോകത്തിന്‍റെ വളര്‍ച്ചയെ നിയന്ത്രിക്കുന്നത്. ജനസംഖ്യ, ജനാധിപത്യം, സാങ്കേതിക വിദ്യ, ആഗോളവല്‍ക്കരണം എന്നിവയാണവ. ഈ നാല് രംഗത്തും ഇന്ത്യ മികച്ച നേട്ടം കൈവരിച്ച കാര്യം അദ്ദേഹം ചൂണ്ടിക്കട്ടി. ഏതു പരിതസ്ഥിതിയിലും രാജ്യത്തിന് ആറ് മുതല്‍ ഏഴ് ശതമാനം വരെ വളര്‍ച്ച കൈവരിക്കാനാകുമെന്ന് അംബാനി അഭിപ്രായപ്പെട്ടു.