കഴിഞ്ഞ രണ്ടുവര്‍ഷങ്ങള്‍ തൊഴിലന്വേഷകര്‍ക്ക് ദുരിതമാണ് സമ്മാനിച്ചതെങ്കില്‍ 2010-11 സാമ്പത്തികവര്‍ഷം പഴയ റിക്രൂട്ട്‌മെന്റ് വസന്തം തിരിച്ചുകൊണ്ടുവന്നുവെന്ന് സര്‍വേ റിപ്പോര്‍ട്ട്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ഏപ്രില്‍ തൊട്ട് ജൂണ്‍ വരെയുള്ള ആദ്യ പാദത്തിലെ ‘എംപ്ലോയ്‌മെന്റ് ഔട്ട്‌ലുക്ക് ഇന്‍ഡക്സ്’ കഴിഞ്ഞ രണ്ടുവര്‍ഷങ്ങളേക്കാള്‍ ഉയര്‍ന്ന് ഇന്‍ഡക്സ് പോയിന്റ് 58-ല്‍ എത്തിയിരിക്കുന്നുവെന്നാണ് സര്‍വേ വെളിപ്പെടുത്തുന്നത്.
സാമ്പത്തിക വര്‍ഷത്തിലെ ആദ്യം പാദം അവസാനിക്കാന്‍ രണ്ടുമാസം അവശേഷിക്കേ, ഇനിയുള്ള നാളുകള്‍ റിക്രൂട്ട്‌മെന്റിന്റേതാകുമെന്ന് സര്‍വേ പ്രവചിക്കുന്നു. പ്രമുഖ റിക്രൂട്ട്‌മെന്റ് കമ്പനിയായ ടീംലീസ് ആണ് സര്‍വേ നടത്തിയത്. ഇപ്പോഴത്തെ ‘എംപ്ലോയ്‌മെന്റ് ഔട്ട്‌ലുക്ക് ഇന്‍ഡക്സ്’ കഴിഞ്ഞവര്‍ഷത്തേക്കാള്‍ 11 ശതമാനം വര്‍ദ്ധനവ് കാണിക്കുന്നുണ്ട്. നിര്‍മാണ രംഗം (ഇന്‍ഫ്രാസ്‌ട്രക്ച്വര്‍), ടെലികോം എന്നിവ ഒഴികെയുള്ള എല്ലാ മേഖലകളും പുതിയ ഉദ്യോഗാര്‍ത്ഥികള്‍ക്കായി നെട്ടോട്ടമാണ്.
“ഇന്ത്യന്‍ റിക്രൂട്ടിംഗ് വിപണി വീണ്ടും ഉണര്‍ന്നിരിക്കുന്നു. എല്ലാ മേഖലകളിലും തൊഴിലന്വേഷകര്‍ക്ക് നല്ല വരവേല്‍പാണ് ലഭിക്കുന്നത്. കഴിഞ്ഞ നാല് സാമ്പത്തിക പാദങ്ങളില്‍ നടന്ന റിക്രൂട്ട്‌മെന്റുകള്‍ ഞങ്ങള്‍ പഠിക്കുകയായിരുന്നു. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ കാണുന്ന ‘റിക്രൂട്ട്‌മെന്റ് സ്പ്രീ’ കൂടാനുള്ള സാഹചര്യങ്ങളാണ് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ചുരുക്കത്തില്‍ റിക്രൂട്ട്‌മെന്റ് വസന്തം ഇന്ത്യയില്‍ തിരിച്ചെത്തിയിരിക്കുന്നു” - ടീംലീസ് സര്‍വീസസിന്റെ വൈസ് പ്രസിഡന്റ് രാജേഷ് എആര്‍ പറയുന്നു.
കൊച്ചിയടക്കം ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള 513 കമ്പനികളെ ഉള്‍പ്പെടുത്തിയാണ് ടീംലീസ് ഈ സര്‍വേ സംഘടിപ്പിച്ചത്. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ കമ്പനികളുടെ ബിസിനസ് ഇന്‍ഡക്സും ഈ സാമ്പത്തിക പാദത്തില്‍ ഉയര്‍ന്നിട്ടുണ്ട്. ബിസിനസ് ഇന്‍ഡക്സ് പോയിന്റ് 11 ശതമാനം ഉയര്‍ന്ന് 56 ആയിട്ടുണ്ട്.
ബാംഗ്ലൂരിലാണ് ഏറ്റവുമധികം റിക്രൂട്ട്‌മെന്റുകള്‍ നടക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 23 പോയിന്റ് വളര്‍ച്ചയാണ് ബാംഗ്ലൂര്‍ എംപ്ലോയ്‌മെന്റ് ഔട്ട്‌ലുക്ക് ഇന്‍ഡക്സിന്. ഹെല്‍ത്ത്‌കെയര്‍/ഫാര്‍മ, ഐടി തുടങ്ങിയ മേഖലകളിലാണ് കൂടുതല്‍ റിക്രൂട്ട്‌മെന്റുകള്‍. എഫ്‌എംസിജിയും റീട്ടെയില്‍ മേഖലയും തൊട്ടുപിന്നാലെ ഉണ്ട്. എന്നാല്‍ പുതിയ തൊഴിലന്വേഷകരെ എടുക്കുന്ന കാര്യത്തില്‍ നിര്‍മാണ - ടെലികോം മേഖലകള്‍ ഏറെ പിന്നിലാണ്.