ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന മാരുതി ആള്‍ട്ടോ കാറുകള്‍ക്ക് ബദലായി അതേ വിഭാഗത്തിലുള്ള പുതിയ മോഡല്‍ പുറത്തിറക്കുമെന്ന് ജനറല്‍ മോട്ടോഴ്സ് (ജിഎം). ചൈനീസ് പങ്കാളിയായ ഷാംഗായ് ആട്ടോമോട്ടീവ് ഇന്‍ഡസ്ട്രി കോര്‍പ്പറേഷനുമായി ചേര്‍ന്നാണ് ഇന്ത്യയില്‍ ജനപ്രിയ കാര്‍ അവതരിപ്പിക്കാന്‍ ജിഎം പദ്ധതിയിടുന്നത്.
ഇന്ത്യന്‍ കാര്‍ വിപണിക്ക് അനുയോജ്യമായ പുതിയൊരു ശ്രേണി അവതരിപ്പിക്കാനാണ് ജിഎമ്മിന്റെ പദ്ധതി. അതില്‍, ആള്‍ട്ടൊയുടെ പ്രതിയോഗിയും ഉള്‍പ്പെടും.
ആള്‍ട്ടോയുടെ വിപണി പിടിച്ചെടുക്കാന്‍ ഉദ്ദേശിച്ചുകൊണ്ട് പുറത്തിറക്കുന്ന പുതിയ കാറുകള്‍ക്ക് ജിഎമ്മിന്റെ എണ്ട്രി ലെവല്‍ കാറായ സ്പാര്‍ക്കിലും വില കുറവായിരിക്കുമെന്ന് കമ്പനി അധികൃതര്‍ പറയുന്നു.
ആള്‍ട്ടോയുടെ മറികടക്കാനാവാത്ത ജനപ്രിയതയാണ് മറ്റു കാര്‍ കമ്പനികളെ അതേ വിഭാഗത്തിലുള്ള കാറുകള്‍ പുറത്തിറക്കാന്‍ പ്രേരിപ്പിക്കുന്നത്. മാസം 30,000 യൂണിറ്റുകള്‍ പുറത്തിറക്കുന്ന ആള്‍ട്ടോ മറ്റുള്ളവരെ മോഹിപ്പിച്ചില്ലെങ്കിലല്ലേ അതിശയമുള്ളൂ!