ആയുര്‍വേദം പ്രതിദിന ജീവിതത്തിന്റെ ഭാഗമാക്കണം : ഗവര്‍ണര്‍

തിരുവനന്തപുരം| WEBDUNIA|
PRO
ആയുര്‍വേദം പ്രതിദിന ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് ഗവര്‍ണര്‍ നിഖില്‍ കുമാര്‍. തിരുവനന്തപുരം ആയുര്‍വേദ കോളേജ് ശതോത്തര രജതജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഴമയുടെ പാരമ്പര്യം ഉള്‍ക്കൊണ്ടുകൊണ്ട് അതിന്റെ പ്രസക്തിയും പ്രസിദ്ധിയും വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം എന്നും അദ്ദേഹം പറഞ്ഞു.

ആയുര്‍വേദത്തിന്റെയും ആയുര്‍വേദ മരുന്നുകളുടെയും നിര്‍മാണത്തില്‍ ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തണം. ആയുര്‍വേദത്തിന്റെ സാധ്യതകള്‍ ലോകത്തെവിടെയും എത്തിക്കാനാകണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ആയുഷ് വകുപ്പ് രൂപീകരിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന ആരോഗ്യവകുപ്പു മന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. 22.43 കോടി രൂപയുടെ ആയുഷ് ഫണ്ട് ഉപയോഗിച്ച് സംസ്ഥാനത്തെ 68 ആയുര്‍വേദ ആശുപത്രികളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ് എന്നും വിവിധ വിഭാഗം ചികിത്സാ സൗകര്യങ്ങള്‍ ഒന്നിക്കുന്ന മൂന്ന് ആയുഷ് കേന്ദ്രങ്ങള്‍ തിരുവനന്തപുരത്തെ നെയ്യാറ്റിന്‍കരയിലും പൂന്തുറയിലും, കോഴിക്കോടും സ്ഥാപിക്കുവാന്‍ നടപടികള്‍ ആരംഭിച്ചു എന്നും നെയ്യാറ്റിന്‍കരയില്‍ ആയുഷ് കോംപ്ലക്‌സിന് ശിലയിട്ടു എന്നും മന്ത്രി പറഞ്ഞു.

കേരളത്തെ ആയുര്‍വേദത്തിന്റെ തലസ്ഥാനമാക്കുന്നതിനുള്ള നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ട് നീങ്ങുന്നത്. തിരുവനന്തപുരം ആയുര്‍വേദ കോളേജിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. മുഖ്യമന്ത്രി , ആഭ്യന്തര മന്ത്രി, ധനമന്ത്രി എന്നിവരുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞു. ആയുര്‍വേദ കോളേജില്‍ നിലവിലുള്ള ലബോറട്ടറി യൂണിറ്റുകളെ സംയോജിപ്പിച്ചുകൊണ്ട് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് വിഭാഗം രൂപീകരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :