ആഗോള സമ്പദ് വ്യവസ്ഥ ഇടിയും

വാഷിംഗ്ടണ്‍| WEBDUNIA|
ആഗോള സാമ്പദ് വ്യവസ്ഥയും അഗോള വ്യാപാരവും ഈ വര്‍ഷം ഗണ്യമായ ഇടിവ് നേരിടുമെന്ന് ലോക ബാങ്ക് അഭിപ്രായപ്പെട്ടു. രണ്ടാം ലോക മഹായുദ്ധകാലത്തിന് ശേഷം ഉണ്ടാവുന്ന ഏറ്റവും വലിയ തകര്‍ച്ചയായിരിക്കും ഇതെന്നും ലോക ബാങ്ക് മുന്നറിയിപ്പ് നല്‍കുന്നു.

സമ്പദ് വ്യവസ്ഥ അഞ്ച് ശതമാനമെങ്കിലും ഇടിയും. വ്യാപാരം എണ്‍പത് വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ തകര്‍ച്ച നേരിടും. കിഴക്കന്‍ ഏഷ്യയെയയിരിക്കും ഇത് കൂടുതല്‍ ബാധിക്കുക. ആഗോള വ്യാവസായികോല്‍പാദനം ഈ വര്‍ഷം 2008 ലേതിനേക്കാള്‍ 15 ശതമാനമെങ്കിലും ഇടിയുമെന്നും ലോക ബാങ്ക് വിലയിരുത്തുന്നു. ഇരുപത് രാഷ്ട്രങ്ങളിലെ സാമ്പത്തിക മന്ത്രിമാരും കേന്ദ്ര ബാങ്ക് ഗവര്‍ണ്ണര്‍മാരും അടുത്ത ശനിയാഴ്ച യോഗം ചേരാനിരിക്കെയാണ് ലോക ബാങ്കിന്‍റെ ഈ വെളിപ്പെടുത്തല്‍.

വികസ്വര രാജ്യങ്ങള്‍ക്ക് ഈ വര്‍ഷം 270-700 ഡോളര്‍ വരെ നഷ്ടമുണ്ടാകും. നാലിലൊന്ന് രാജ്യങ്ങള്‍ക്ക് മാത്രമേ വര്‍ദ്ധിച്ച് വരുന്ന ദാരിദ്ര്യം ചെറുക്കാന്‍ കഴിയൂ. 116 വികസ്വര രാജ്യങ്ങളില്‍ 94 എണ്ണവും സാമ്പത്തിക വളര്‍ച്ചയില്‍ പ്രതിസന്ധി നേരിടുന്നുണ്ട്. ഇതില്‍ 43 രാജ്യങ്ങളിലും ദാരിദ്ര്യനില ഉയര്‍ന്നു. ആഭരണ നിര്‍മ്മാണം, വാഹന നിര്‍മ്മാ‍ണം, വസ്ത്ര നിര്‍മ്മാണം തുടങ്ങിയവയില്‍ ഇന്ത്യയില്‍ മാത്രം അഞ്ച് ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ട കാര്യം ലോക ബാങ്ക് ചൂണ്ടിക്കാട്ടി. ദരിദ്ര രാജ്യങ്ങളിലെ കയറ്റുമതിയും വരുമാനവും ഗണ്യമായി കുറഞ്ഞതായി ബാങ്ക് വിലയിരുത്തി.


വികസ്വര രാഷ്ട്രങ്ങളെ പിടികൂടിയിരിക്കുന്ന സാമ്പത്തിക ദുരന്തത്തിനെതിരെ ആഗോള തലത്തിലുള്ള ശ്രമമാണ് വേണ്ടതെന്ന് ലോക ബാങ്ക് ഗ്രൂപ്പ് പ്രസിഡന്‍റ് റോബര്‍ട്ട് ബി സോളിക്ക് അഭിപ്രായപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :