അനില്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി

ന്യൂഡല്‍ഹി| WEBDUNIA| Last Modified തിങ്കള്‍, 20 ജൂലൈ 2009 (10:27 IST)
വാതക തര്‍ക്കത്തില്‍ എണ്ണ മന്ത്രാലയം ഏക പക്ഷീയമായ നിലപാടെടുക്കുകയാണെന്നാരോപിച്ച് റിലയന്‍സ് നാച്ചുറല്‍ റിസോഴ്സസ് ചെയര്‍മാന്‍ അനില്‍ അംബാനി പ്രധാനമന്ത്രിക്ക് കത്തെഴുതി. തര്‍ക്കത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിനെ സഹായിക്കുന്ന നിലപാടാണ് മന്ത്രാലയം കൈക്കൊള്ളുന്നതെന്ന് അനില്‍ ആരോപിക്കുന്നു.

കെജി ബേസിനില്‍ നിന്നും വാതക വിതരണം നടത്തുന്നത് സംബന്ധിച്ച് ഇരു സ്ഥാപനങ്ങളും തമ്മിലുള്ള തര്‍ക്കം ദേശീയ താല്‍പര്യത്തെ ഹനിക്കുകയില്ലെന്നും അതിനാല്‍ മന്ത്രാലയത്തോട് ഇതില്‍ ഇടപെടരുതെന്ന് നിര്‍ദേശം നല്‍കണമെന്നും അനില്‍ അംബാനി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ഈ ആരോപണം ആര്‍ഐഎല്‍ നിരാകരിച്ചിട്ടുണ്ട്. പെട്രോളിയം മന്ത്രാലയത്തെ സ്വാധീനിക്കാന്‍ ഒരു ശ്രമവും നടത്തിയിട്ടില്ലെന്നും സര്‍ക്കാരിന്‍റെ അനുമതിയില്ലാതെ വാതക വിതരണം നടത്തരുതെന്ന കരാര്‍ പാലിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും ആര്‍ഐഎല്‍ അറിയിച്ചു. ഇരു സ്ഥാപനങ്ങളും തമ്മിലുള്ള കരാര്‍ അസാധുവാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച സാഹചര്യത്തിലാണ് അനില്‍ പ്രധാനമന്ത്രിക്ക് കത്തെഴുതുന്നത്.

സര്‍ക്കാരിന്‍റെ അനുമതി ലഭിക്കാതെ റിലയന്‍സ് നാച്ചുറല്‍ റിസോഴ്സസ് ലിമിറ്റഡിന് വാതകം വില്‍ക്കാനാവില്ലെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് കഴിഞ്ഞ ദിവസം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇന്ധനം ലഭ്യമാക്കാന്‍ പാകത്തിലുള്ള പ്ലാന്‍റുകള്‍ ഇല്ലാത്തതിനാലാണ് എതിര്‍കക്ഷിയുടെ ആവശ്യം നിരാകരിക്കപ്പെട്ടതെന്നും ആര്‍ഐഎല്‍ സത്യവാങ്മൂലത്തില്‍ ബോധിപ്പിച്ചിരുന്നു.

റിലയന്‍സ് ഇന്‍ഡസ്ട്രീസിനോടും റിലയന്‍സ് നാച്ചുറല്‍ റിസോഴ്സസിനോടും ഒരു മാസത്തിനകം വാതക വിതരണ കരാറില്‍ ഏര്‍പ്പെടണമെന്നാണ് ബോംബെ ഹൈക്കോടതി ജൂണ്‍ 15ന് നിര്‍ദേശിച്ചിരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :