സജിത്ത്|
Last Modified വ്യാഴം, 23 മാര്‍ച്ച് 2017 (17:18 IST)
ക്രൂസർ സെഗ്മെന്റില്‍ മാറ്റുരയ്ക്കാന്‍ ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ
ഹോണ്ട എത്തുന്നു. റോയൽ എൻഫീൽഡ് അടക്കി വാഴുന്ന 350സിസി മുതൽ 500 സിസി വരെയുള്ള സെഗ്മെന്റിലേയ്ക്കാണ് ഹോണ്ട പുതിയ ബൈക്കുമായെത്തുന്നതെന്നാണ് കമ്പനിയോട് അടുത്ത വൃത്തങ്ങൾ നല്‍കുന്ന സൂചന.
നിലവിൽ രാജ്യാന്തര വിപണിയിൽ വിൽപ്പനയിലുള്ള റിബൽ 200 എന്ന ബൈക്കിന്റെ ഡിസൈന്‍ അടിസ്ഥാനമാക്കിയായിരിക്കും പുതിയ ബൈക്കിന്റെ നിര്‍മാണമെന്നാണ് റിപ്പോര്‍ട്ട്. ജപ്പാനിൽ ഇരുചക്ര വിപണിയുടെ വളർച്ച നിരക്ക് കുറഞ്ഞതാണ് ഇന്ത്യയിൽ കൂടുതല്‍ നിക്ഷേപിക്കുന്നതിനായി പ്രേരിപ്പിക്കുന്ന ഘടകം.
ക്ലാസിക്ക് ലുക്കിലായിരിക്കും ക്രൂസർ ബൈക്ക് നിർമിക്കുകയെന്ന് കമ്പനി അറിയിച്ചു. റോയൽ എൻഫീൽഡ് ശ്രേണിയിലെ മികച്ച വിൽപ്പനയുള്ള ക്ലാസിക്ക് 350 ബൈക്കിനോടായിരിക്കും പുതിയ ബൈക്ക് മത്സരിക്കുക. ഇന്ത്യൻ വിപണിയിൽ ഏറ്റവും അധികം വിൽപ്പനയുള്ള അഞ്ചു ബൈക്കുകളിലൊന്ന് ക്ലാസിക്ക് 350 ആണ്.