സജിത്ത്|
Last Modified ശനി, 15 ഒക്‌ടോബര്‍ 2016 (10:43 IST)
ലോകത്തിലെ ഏറ്റവും മികച്ച കാറായി മാറാന്‍ മാരുതി സുസുക്കി ബലേനോയും സുസുക്കി ഇഗ്‌നിസും. ലോകത്തില്‍ ഈ വർഷം പുറത്തിറങ്ങിയ നാലു മീറ്ററിൽ താഴെ നീളമുള്ള കാറുകളുടെ ഗണത്തിലേയ്ക്കാണ് ഇരു വാഹനങ്ങളും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നത്. ബിഎംഡബ്ല്യു ഐ3, സിട്രോൺ സി3, ഫോർഡ് കാ പ്ലസ് തുടങ്ങിയ കാറുകളുമായാണ് ബലേനോയും ഇഗ്‌നിസും മത്സരിക്കുക.
ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 73 ഓട്ടോമൊബൈൽ ജേർണലിസ്റ്റുകളായിരിക്കും മികച്ച കാറിനെ തിരഞ്ഞെടുക്കുക. നിലവില്‍ ജപ്പാന്‍ വിപണിയിലുള്ള ഇഗ്‌നിസ് ഇന്ത്യയിൽ അടുത്ത വർഷം ആദ്യം പുറത്തിറങ്ങും. പെട്രോൾ ഡീസൽ എന്നീ വകഭേദങ്ങളുമായായിരിക്കും വാഹനം വിപണിയിലെത്തുക. 1.2 ലീറ്റർ പെട്രോള്‍, 1.3 ലീറ്റർ ഡീസൽ എൻജിനുകളായിരിക്കും വാഹനത്തിലുണ്ടാകുകയെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയിൽ നിർമിച്ചു ജപ്പാനിൽ വിൽക്കുന്ന ആദ്യകാര്‍ എന്ന ഖ്യാതിയാണ് ബലേനോയ്ക്കുള്ളത്. ബലേനോയുടെ പെട്രോൾ, ഡീസൽ വകഭേദങ്ങൾ വിപണിയില്‍ ലഭ്യമാണ്. ഇന്ത്യൻ വിപണിയിലെ പ്രീമിയം കോംപാക്ട് ഹാച്ച്ബാക്ക് വിപണിയിൽ ഹോണ്ട ‘ജാസ്’, ഹ്യൂണ്ടായ് ‘ഐ 20’, ഫോക്സ്വാഗൻ ‘പോളോ’ എന്നിവയോടാണ് ബലേനൊ മത്സരിക്കുന്നത്.