20 വർഷത്തിനിടെ ഇതാദ്യം!! രാജ്യത്ത് പ്രത്യക്ഷ നികുതിവരുമാനത്തിൽ കുറവുണ്ടായേക്കുമെന്ന് റിപ്പോർട്ട്

അഭിറാം മനോഹർ| Last Modified ശനി, 25 ജനുവരി 2020 (09:27 IST)
20 വർഷത്തിനിടെ ആദ്യമായി രാജ്യത്തെ പ്രത്യക്ഷനികുതിവരുമാനം മുൻവർഷങ്ങളിൽ ലഭിച്ചിരുന്നതിനേക്കാൾ കുറഞ്ഞേക്കുമെന്ന് റിപ്പോർട്ട്.രാജ്യത്തെ സാമ്പത്തികപ്രവർത്തനങ്ങൾ കുറഞ്ഞതും കോർപ്പറേറ്റ് ടാക്സ് വെട്ടികുറച്ചതുമാണ് നികുതിവരുമാനം കുറയുവാനുള്ള കാരണമെന്ന് പ്രത്യക്ഷനികുതിവകുപ്പിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് നൽകിയ റിപ്പോർട്ടിൽ പറയുന്നു.

നടപ്പ് സാമ്പത്തികവർഷം 13.5 ലക്ഷം കോടി രൂപ പ്രത്യക്ഷനികുതി വരുമാനമായി ലഭിക്കുമെന്നായിരുന്നു കണക്കുകൂട്ടിയിരുന്നത്. കഴിഞ്ഞ വർഷം ലഭിച്ചതിനേക്കാൾ 17 ശതമാനം വളർച്ച നേടുമെന്നാണ് കണക്കാക്കപ്പെട്ടിരുന്നത്. എന്നാൽ രാജ്യത്തെ മൊത്തം (ജി.ഡി.പി.) അഞ്ചുശതമാനത്തിനടുത്തേക്ക് ചുരുങ്ങിയതും അപ്രതീക്ഷിതമായി കോർപ്പറേറ്റ് നികുതി സർക്കാർ വെട്ടിക്കുറച്ചതും പ്രത്യക്ഷനികുതിവരുമാനത്തെ ദോഷകരമായി ബാധിച്ചതായാണ് സൂചന. രാജ്യത്തെ ആഭ്യന്തര ഉത്പാദന വളർച്ച കഴിഞ്ഞ 11 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണിപ്പോളുള്ളത്.

ഈ സാഹചര്യത്തിൽ പ്രത്യക്ഷനികുതി വരുമാനം മുൻ-വർഷങ്ങളിൽ നിന്നും പത്ത് ശതമാനം വരെ കുറഞ്ഞിരിക്കാമെന്നാണ് അധികൃതർ പറയുന്നത്. ഉപഭോഗം കുറഞ്ഞതിനാൽ കമ്പനികൾ നിക്ഷേപം വെട്ടിക്കുറച്ചതും തൊഴിൽ കുറയ്ക്കുന്നതുമെല്ലാം നികുതിവരുമാനത്തെ ബാധിച്ചിട്ടുണ്ട്.സാമ്പത്തിക വർഷത്തിന്റെ അവസാന മൂന്നുമാസക്കാലത്ത് കമ്പനികളിൽനിന്ന് മുൻകൂർ നികുതിയായി വലിയതുക ലഭിക്കാറുണ്ട്. ആകെ വരുമാനത്തിന്റെ 30-35 ശതമാനവും ഇത്തരത്തിലാണ് ലഭിക്കുന്നത്. അതിനാൽ തന്നെ ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി വരുമാനം ഉയർന്നേക്കാമെന്ന സൂചനയും അധികൃതർ നൽകുന്നുണ്ട്. എങ്കിൽ പോലും കഴിഞ്ഞവർഷം ലഭിച്ചതിന്റെ പത്തുശതമാനമെങ്കിലും കുറവായിരിക്കും ഇത്തവണത്തെ പ്രത്യക്ഷനികുതിവരുമാനമെന്നാണ് വിലയിരുത്തപെടുന്നത്.

രാജ്യത്തിന്റെ വരുമാനത്തിൽ ഏകദേശം 80 ശതമാനവും വന്നുചേരുന്നത് പ്രത്യക്ഷനികുതി വരുമാനത്തിൽ നിന്നാണ്. അതുകൊണ്ട് തന്നെ ഇതിലുണ്ടാകുന്ന കുറവ് നികത്താൻ സർക്കാറിന് കൂടുതൽ തുക കടമെടുക്കേണ്ടതായി വരും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :