ന്യൂഡല്‍ഹി|
VISHNU.NL|
Last Modified വ്യാഴം, 8 മെയ് 2014 (12:51 IST)
വിദേശ നിക്ഷേപത്തിന്റെ കരുത്തില്‍ നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 5.7 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തലുകള്‍. നേരത്തെ അന്താരാഷ്ട്ര നാണ്യ നിധിയുള്‍പ്പെടെ പല ഏജന്‍സികളും വളര്‍ച്ച നാലുമുതല്‍ അഞ്ചു ശതമാനം വരെയാണ് വിലയിരുത്തിയിരുന്നത്.
അഞ്ചു ശതമാനത്തിനു മുകളില്‍ പോകുന്നത് ഇതാദ്യമാണ്. പാരീസ് ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സാമ്പത്തിക കാര്യ സ്ഥാപനമായ ഓര്‍ഗനൈസേഷന്‍ ഒഫ് എക്കണോമിക്
കോ- ഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് (ഒഇസിഡി) ആണ് ഇപ്പോള്‍ വിലയിരുത്തല്‍ നടത്തിയിരിക്കുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയില്‍ ശക്തവും സ്ഥിരതയുള്ളതുമായ സര്‍ക്കാര്‍ ഇവിടെ അധികാരത്തിലേറും. ഇത് രാജ്യത്തെ മികച്ച പുരോഗതിയിലേക്ക് നയിക്കുമെന്ന് ഒഇസിഡി പറയുന്നു. പുതിയ സര്‍ക്കാരില്‍ നിന്ന് മികച്ച സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ ആഗോള നിക്ഷേപകര്‍ ലക്ഷ്യമിടുന്നുണ്ട്.
ഇതാണ് വിദേശ നിക്ഷേപം ഇന്ത്യയിലേക്ക് ഒഴുകുവാന്‍ കാരണം. എന്നാല്‍, ബാങ്കുകളിലെ നിഷ്‌ക്രിയ ആസ്‌തി കുത്തനേ വര്‍ദ്ധിക്കുമെന്നത് ഇക്കാലയളവില്‍ ഇന്ത്യയ്‌ക്ക് തലവേദന ഉണ്ടാക്കുമെന്നു റിപ്പോര്‍ട്ടിലുണ്ട്. പ്രതീക്ഷിച്ചതിലധികം സാമ്പത്തിക വളര്‍ച്ച നേടാനുള്ള അനുകൂല ഘടകങ്ങള്‍ ഉണ്ടെങ്കിലും നിഷ്‌ക്രിയ ആസ്‌തി പ്രതിസന്ധി കൂട്ടാനെ ഉപകരിക്കു.
മാനദണ്ഡങ്ങളില്‍ കാതലായ മാറ്റങ്ങള്‍ വരുത്തി ഈ പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യ ശ്രമിക്കണം. നാണയപ്പെരുപ്പം ആശ്വാസ മേഖലയില്‍ നിലനിറുത്തേണ്ടത് അത്യാവശ്യമാണെന്നും ഒഇസിഡി സൂചിപ്പിച്ചു.