ന്യൂഡല്‍ഹി|
Last Modified ചൊവ്വ, 25 ഒക്‌ടോബര്‍ 2016 (08:32 IST)
ടാറ്റാ സണ്‍സ് ചെയര്‍മാന്‍ പദവിയില്‍ നിന്ന് സൈറസ് പി മിസ്ത്രിയെ ഒഴിവാക്കി. നിലവില്‍ ചെയര്‍മാന്റെ താല്‍ക്കാലിക ചുമതല രത്തന്‍ ടാറ്റ ഏറ്റെടുക്കും. തിങ്കളാഴ്ച ചേര്‍ന്ന കമ്പനി ബോര്‍ഡ് യോഗത്തില്‍ ആയിരുന്നു സൈറസ് മിസ്ത്രിയെ പദവിയില്‍ നിന്നു മാറ്റാന്‍ തീരുമാനമായത്.
അതേസമയം, ടാറ്റാ സണ്‍സിന്റെ അടുത്ത ചെയര്‍മാനെ തെരഞ്ഞെടുക്കുന്നതിനായി ബോര്‍ഡ് സെലക്ഷന്‍ കമ്മിറ്റിയെയും നിയോഗിച്ചിട്ടുണ്ട്. രത്തന്‍ ടാറ്റ, വേണു ശ്രീനിവാസന്‍, അമിത് ചന്ദ്ര,
റോനെന്‍ സെന്‍, ലോഡ് കുമാര്‍ ഭട്ടാചാര്യ എന്നിവരാണ് സെലക്ഷൻ കമ്മറ്റിയിലുള്ളത്.
പുതിയ ചെയര്‍മാനെ അടുത്ത നാലു മാസത്തിനുള്ളില്‍ തെരഞ്ഞെടുക്കും. ടാറ്റാ സണ്‍സ് ചെയര്‍മാനായി 2012ലാണ് സൈറസ് പി മിസ്ത്രി നിയമിതനായത്. രത്തന്‍ ടാറ്റ സ്ഥാനമൊഴിഞ്ഞപ്പോള്‍ താല്‍ക്കാലിക ചെയര്‍മാനായി മിസ്ത്രി ചുമതലയേല്‍ക്കുകയും പിന്നീട് ചെയര്‍മാനായി ബോര്‍ഡ് യോഗം നിയമിക്കുകയുമായിരുന്നു.
ടാറ്റാ ഗ്രൂപ്പിലെ ഏറ്റവും വലിയ ഓഹരി ഉടമകളായ പല്ലോഞ്ചി മിസ്ത്രിയുടെ മകനാണ് സൈറസ് മിസ്ത്രി.