ചിപ്പി പീലിപ്പോസ്|
Last Modified വ്യാഴം, 12 മാര്‍ച്ച് 2020 (12:34 IST)
സംസ്ഥാനത്ത് 14
കൊറോണ വൈറസ് കേസുകളാണ് നിലവിലുള്ളത്. കൊറോണ കേസുകൾ വർധിച്ചതോടെ കോഴിക്ക് വില ഇടിഞ്ഞു. ഇറച്ചിക്കോഴി വിലയും മുട്ടവിലയും കുത്തനെയിടിഞ്ഞു. കൊറോണ വൈറസിനെ തുടർന്നുണ്ടായ വ്യാജ പ്രചരണങ്ങളും കേരളത്തിൽ പടർന്നു പിടിച്ച പക്ഷിപ്പനിയുമാണ് കോഴി വില ഇടിയാൻ കാരണമായത്.
കഴിഞ്ഞ മാസം 6 രൂപവരെ എത്തിയ കോഴി മുട്ടയുടെ വില മൊത്ത വിൽപന കേന്ദ്രങ്ങളിൽ 3 രൂപയായി കുറഞ്ഞു. കിലോയ്ക്ക് 160 രൂപയായിരുന്ന കോഴിയിറച്ചിക്ക് ഇപ്പോൾ മാർക്കറ്റിൽ 40 മുതൽ 60 വരെയാണ് കിലോയ്ക്ക് വില. വ്യാജ പ്രചാരണങ്ങളും പക്ഷിപ്പനിപേടിയും കാരണം ആവശ്യക്കാർ കുറഞ്ഞിരിക്കുകയാണ്.
ഇറച്ചിക്കോഴി വില പകുതിയിലധികം കുറഞ്ഞിട്ടും വില കുറയ്ക്കാൻ ഹോട്ടലുകൾ തയാറായിട്ടില്ല. ചിക്കൻ വിഭവങ്ങൾക്ക് നഗരത്തിലെ ഹോട്ടലുകളിലെല്ലാം പഴയ വില തന്നെയാണ്. കോഴിയിറച്ചിയോ, മുട്ടയോ കഴിച്ചാൽ കോവിഡ്–19 ബാധിക്കുമെന്നത് വ്യാജപ്രചരണമാണ്.
മൃഗങ്ങളിൽ നിന്നു മനുഷ്യരിലേക്കു കോവിഡ് പകരുമെന്ന് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. അതിനാൽ കോഴിയിറച്ചി കഴിച്ചാൽ മനുഷ്യന് കൊറോണ പടരുമെന്ന കാര്യത്തിൽ യാതോരു ഔദ്യോഗിക സ്ഥിരീകരണവും ആയിട്ടില്ല.