9 രൂപയ്ക്ക് വേണ്ടി 18 വര്‍ഷം നീണ്ട നിയമയുദ്ധം!

മുംബൈ| WEBDUNIA|
PRO
PRO
സഞ്ജയ് കോത്താരി എന്ന അഭിഭാഷകന്‍ നിയമപോരാട്ടം നടത്തിയത് വെറും ഒമ്പത് രൂപയ്ക്ക് വേണ്ടിയായിരുന്നു. ഒമ്പത് രൂപ എന്നത് ഒരു നിസാര തുകയായിരിക്കാം, എന്നാല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ അനീതിയ്ക്കെതിരെയാണ് താന്‍ പോരാടിയത് എന്നതില്‍ അദ്ദേഹം അഭിമാനിക്കുന്നു.

എംടിഎന്‍എലിനെതിരെയായിരുന്നു കോത്താരിയുടെ നിമയയുദ്ധം. 1994 ല്‍ എക്സ്ട്രാ സര്‍വീസ് ടാക്സ് എന്ന പേരില്‍ ഉപയോക്താക്കളില്‍ നിന്ന് എംടിഎന്‍എല്‍ 9 രൂപ അധികമായി ഈടാക്കിയിരുന്നു. ഇതിനെതിരേ സഞ്ജയ് ആദ്യം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി, പിന്നീട് സുപ്രീംകോടതിയിലും.ഒടുവില്‍ 18 വര്‍ഷത്തിന് ശേഷം, എംടിഎന്‍എല്‍ അധികമായി ഈടാക്കിയ 9 രൂപ മടക്കി നല്‍കി. ഈ മാസം കോത്താരിക്ക് 9 രൂപയുടെ ചെക്ക് ലഭിച്ചത്.

എന്നാല്‍ അടങ്ങിയിരിക്കാന്‍ കോത്താരി ഒരുക്കമല്ല. 1994-ല്‍ എംടിഎന്‍എല്‍ 1.8 ലക്ഷം ആളുകളില്‍ നിന്ന് ഒമ്പത് രൂപ വീതം ഈടാക്കിയിരുന്നു എന്ന് വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷയ്ക്ക് മറുപടിയായി അദ്ദേഹത്തിന് വ്യക്തമായിട്ടുണ്ട്. 1.8 ലക്ഷം പേര്‍ക്കും ഇതു മടക്കി ലഭിക്കാനുള്ള നിയമപോരാട്ടത്തിലേക്ക് കടക്കുകയാണ് അദ്ദേഹമിപ്പോള്‍.

ബോംബെ ഹൈക്കോടതിയില്‍ കോത്താരി ഹര്‍ജി നല്‍കിക്കഴിഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :