ക്രിസ്മസ് കുടിയില്‍ ഒന്നാമത് എത്തിയ ചാലക്കുടിക്ക് പക്ഷേ പുതുവര്‍ഷക്കുടിയില്‍ പിന്നോട്ടു പോകേണ്ടി വന്നു. ഇരിങ്ങാലക്കുടയിലെ കുടിയന്മാര്‍ രണ്ടും കല്പിച്ച് ഇറങ്ങിയപ്പോള്‍ ചാലക്കുടിക്ക് നാലാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. റെക്കോര്‍ഡ് മദ്യവില്‍പനയായിരുന്നു നവവല്‍സര ആഘോഷത്തിനും സംസ്ഥാനത്ത് നടന്നത്. ഡിസംബര്‍ 31നു മാത്രം 32.86 കോടി രൂപയുടെ മദ്യം വിറ്റുപോയി.
കഴിഞ്ഞ വര്‍ഷം ഇതേ ദിനത്തില്‍ വിറ്റതിനെക്കാള്‍ 2.9 കോടി അധികമാണിത്. കഴിഞ്ഞ വര്‍ഷം ഇതേദിവസം 29.96 കോടി രൂപയുടെ വില്‍പനയാണു നടന്നത്. കുടിയില്‍ ഒന്നാമതെത്തിയ ഇരിങ്ങാലക്കുട 17.64 ലക്ഷം രൂപയുടെ മദ്യമാണ് കുടിച്ചത്. പൊന്നാനി 16.95 ലക്ഷത്തിനും തിരൂര്‍ 16.72 ലക്ഷത്തിനും മദ്യം കുടിച്ചു തീര്‍ത്തു.
നാലാമതെത്തിയ ചാലക്കുടി കുടി കുറച്ചെന്ന് ആരും തെറ്റിദ്ധരിക്കരുത്. പുതുവര്‍ഷത്തലേന്ന് ഇവിടെ നടന്ന പ്രാദേശിക ഹര്‍ത്താലാണ് കുടിയില്‍ ചാലക്കുടിയെ തോല്പിച്ചത്. ഹര്‍ത്താല്‍ കാരണം ഉച്ചവരെയേ മദ്യവില്പന നടന്നുള്ളൂ. എന്നിട്ടും 14.67 ലക്ഷത്തിന്‍റെ മദ്യം ചാലക്കുടി കുടിക്കാനായി വാങ്ങിവെച്ചിരുന്നു. അപ്പോള്‍ ശരിക്കുള്ള വില്പന നടന്നെങ്കില്‍ എന്തായേനെ എന്ന് പറയേണ്ടതില്ലല്ലോ.
ഡിസംബര്‍ 22 മുതല്‍ 31 വരെയുള്ള ക്രിസ്മസ്-പുതുവത്സര സീസണില്‍ 234.54 കോടിയുടെ മദ്യം വിറ്റു. കഴിഞ്ഞ വര്‍ഷം 195 കോടിയായിരുന്നു വിറ്റുപോയത്. അതേസമയം, 2009 ഡിസംബര്‍ മാസത്തില്‍ 493 കോടിയായിരുന്നെങ്കില്‍ ഈ ഡിസംബറില്‍ വില്പന 597.70 കോടിയായി. മദ്യത്തില്‍ ഏറ്റവും കുടുതല്‍ വിറ്റഴിഞ്ഞതു റമ്മാണ്. വില്‍പനയുടെ 65 ശതമാനവും റമ്മായിരുന്നു. 30 ശതമാനം ബ്രാന്‍ഡിയും അഞ്ചു ശതമാനം മറ്റു തരം മദ്യവും വിറ്റുപോയി.