സുബ്ബറാവു മോണ്ടെകിനെ കാണും

ന്യൂഡല്‍ഹി| WEBDUNIA|
റിസര്‍വ് ബാങ്ക് ഗവര്‍ണ്ണര്‍ ഡി സുബ്ബറാവു ഇന്ന് ആസൂത്രണ കമ്മിഷന്‍ ഉപാദ്ധ്യക്ഷന്‍ മോണ്ടെക് സിംഗ് ആലുവാലിയയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തും. മാന്ദ്യം പിടികൂടിയ സാമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കാന്‍ ആര്‍ബിഐ സുപ്രധാന പലിശ നിരക്കുകളില്‍ വീണ്ടും കുറവ് വരുത്തിയേക്കും എന്ന റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കെയാണ് ഈ കൂടിക്കാഴ്ച.

സുബ്ബറാവുവിനെക്കൂടാതെ സാമ്പത്തിക സെക്രട്ടറി അരുണ്‍ രാമനാഥന്‍, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. നാണയപ്പെരുപ്പം 15 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 3.36 ശതമാനത്തിലെത്തിയതിന്‍റെ പശ്ചാത്തലത്തില്‍ റിസര്‍വ് ബാങ്ക് റിപ്പൊ, റിവേഴ്സ് റിപ്പൊ നിരക്കുകളില്‍ 50 പോയന്‍റ് കുറവ് വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഓക്ടോബര്‍ മുതല്‍ സുപ്രധാന പലിശ നിരക്കുകളില്‍ റിസര്‍വ് ബാങ്ക് പലതവണ കുറവ് വരുത്തിയിട്ടുണ്ട്. റിപ്പൊ നിരക്ക് അഞ്ച് ശതമാനമായും റിവേഴ്സ് റിപ്പോ നിരക്ക് 5.5 ശതമാനമായുമാണ് അവസാനം കുറച്ചത്.

നിലവിലെ സാമ്പത്തിക സാഹചര്യങ്ങള്‍ റിസര്‍വ് ബാങ്ക് സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്ന് നേരത്തെ സുബ്ബറാവു പറഞ്ഞിരുന്നു. ആവശ്യമെങ്കില്‍ കൂടുതല്‍ നടപടികള്‍ക്ക് ബാങ്ക് തയ്യാറാണെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :