അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്ത്രപ്രധാനമാന നിക്ഷേപങ്ങള്‍ ക്ഷണിക്കുമെന്ന് സത്യം ചെയര്‍മാന്‍ കിരണ്‍ കാര്‍ണിക്. ഇതിനുവേണ്ട തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായും ഇനി സെബി അംഗീകാരം കൂടിയേ ലഭിക്കേണ്ടതുള്ളൂവെന്നും കാര്‍ണിക് പറഞ്ഞു.
നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിലൂടെ സത്യത്തിന് കൂടുതല്‍ സ്ഥിരത നല്‍കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനായുള്ള നിര്‍ദേശം ഉടന്‍ തന്നെ സെബിക്ക് മുന്നില്‍ സമര്‍പ്പിക്കും.
സത്യത്തിന്‍റേ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കൂടുതല്‍ മാറ്റങ്ങളൊന്നും വരുത്താതെ സെബി നിക്ഷേപ പദ്ധതിക്ക് അംഗീകാരം നല്‍കുമെന്നാണ് കരുതുന്നത്.
എല്‍ ആന്‍ഡ് ടി, ഹിന്ദുജ ഗ്രൂപ്പ്, സ്പൈസ് ഗ്രൂപ്പ് എന്നിവ സത്യത്തില്‍ നിക്ഷേപമിറക്കാന്‍ സന്നദ്ധമാണെന്ന് നേരത്തെ അറിയിച്ചിട്ടുണ്ട്.അതിനിടെ ഫിഡിലിറ്റി മാനേജ്‌മെന്‍റ് ആന്‍ഡ് റിസര്‍ച്ച് എല്‍എല്‍സി സത്യത്തിലുള്ള ഓഹരി പങ്കാളിത്തം 10.17 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്.
വിപണിയില്‍ നിന്ന് 18.27 ലക്ഷം ഓഹരികള്‍ സ്വന്തമാക്കിയാണ് ഫിഡിലിറ്റി എല്‍ അന്‍ഡ് ടിയ്ക്ക് ശേഷം സത്യത്തില്‍ ഏറ്റവും കൂടുതല്‍ ഓഹരി പങ്കാളിത്തമുള്ള രണ്ടാമത്തെ സ്ഥാപനമായത്. എല്‍ ആന്‍ഡ് ടിയ്ക്ക് സത്യത്തില്‍ 12 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്.