തൊഴില്‍ മേഖലയില്‍ വിദേശ തൊഴിലാളികളെ ഒഴിവാക്കി പകരം തദ്ദേശിയര്‍ക്ക് പ്രാധാന്യം നല്കണമെന്ന് സൌദി രാജകുമാരന്‍ തുര്‍ക്കി-അല്‍-ഫൈസല്‍ അബ്‌ദുള്ള അഭിപ്രായപ്പെട്ടു. അബുദാബിയില്‍ നടന്ന മാനവ വിഭവശേഷി യോഗത്തിലാണ് സൌദി രാജകുമാരന്‍ ഇപ്രകാരം അഭിപ്രായപ്പെട്ടത്. നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്‌ക്കും ജനങ്ങളുടെ നന്മയ്ക്കും വേണ്ടിയാണ് ഈ നിര്‍ദ്ദേശമെന്നാണ് ഇതിന് ഔദ്യോഗിക വിശദീകരണം ഉണ്ടായിരിക്കുന്നത്
ഗള്‍ഫിലും അറബ് രാജ്യങ്ങളിലും തദ്ദേശിയര്‍ക്ക് ജോലിയില്ലാത്ത അവസ്ഥയും വിദേശ തൊഴിലാളികള്‍ക്ക് തൊഴില്‍ എന്ന അവസ്ഥയുമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിദേശികളുടെ ഇത്തരത്തിലുള്ള അധിനിവേശം തുടര്‍ന്നാല്‍ അത് ജനസംഖ്യ ക്രമത്തെ തന്നെ മാറ്റി മറിക്കുമെന്നും സ്വന്തം രാജ്യങ്ങളില്‍ അറബ് ജനത ന്യൂനപക്ഷമാകുമെന്നും നമ്മുടെ രാജ്യം നമുക്ക് നഷ്ടമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദൂര വ്യാപകമായ ഫലങ്ങളുണ്ടാക്കാന്‍ സാധ്യതയുള്ള ഒരു പ്രസ്താവനയായാണ് പ്രവാസി ലോകം ഇതിനെ കാണുന്നത്. ഗള്‍ഫ് തൊഴില്‍ മേഖലയിലെ 92 ശതമാനം പേരും ഇപ്പോള്‍ തെക്കെ ഏഷ്യയില്‍ നിന്നാണ്. ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് പിരിച്ചുവിടല്‍ നടപടികള്‍ ആരംഭിച്ച അറബ് രാജ്യങ്ങളില്‍ പുതിയ പ്രസ്താവന ദൂര വ്യാപകമായ ഫലങ്ങള്‍ സൃഷ്‌ടിക്കാന്‍ സാധ്യതയുണ്ട്. അറബ് രാജ്യങ്ങള്‍ പിരിച്ചുവിടല്‍ പ്രക്രിയ വേഗത്തിലാക്കുകയാണെങ്കില്‍ പലരാജ്യങ്ങളുടേയും സമ്പത്ത് വ്യവസ്ഥ ദുരിതത്തിലാകും.