സത്യം കുംഭകോണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുന്‍ ചെയര്മാന് ബി രാമലിംഗ രാജുവിന്റെയും മറ്റ് നാല് പേരുടെയും ജുഡീഷ്യല്‍ റിമാന്‍ഡ് 14 ദിവസത്തേക്കുകൂടി നീട്ടിക്കൊണ്ട് ഹൈദരാബാദിലെ ഒരു പ്രാദേശിക കോടതി ഉത്തരവായി.
മാര്‍ച്ച് ഏഴ് വരെയാണ് ഇവരുടെ ജുഡീഷ്യല്‍ കാലാവധി നീട്ടിക്കൊണ്ട് നമ്പര്‍ 6 മെട്രോപൊളിറ്റന്‍ കോടതി ഉത്തരവായത്. രാജുവിനെക്കൂടാതെ സഹോദരന് രാമരാജു, കമ്പനി മുന്‍ സിഎഫ്ഒ വദ്ലമണി ശ്രീനിവാസ്, പ്രൈസ് വാട്ടര്‍ഹൌസ് ഓഡിറ്റര്‍മാരായ എസ് ഗോപാലകൃഷ്ണന്, തല്ലൂരി ശ്രീനിവാസ് എന്നിവരുടെ കാലാവധിയാണ് നീട്ടിയത്.
കഴിഞ്ഞ മാസം അറസ്റ്റ് ചെയ്യപ്പെട്ടശേഷം ഇത് ആറാം തവണയാണ് രാജുവിന്റെ റിമാന്‍ഡ് കാലാവധി നീട്ടുന്നത്. ഇവര്‍ ഇപ്പോള്‍ ഹൈദരാബാദിലെ ചഞ്ചല്‍ ഗുഡ ജയിലിലാണ്.
കമ്പനി കണക്കുകളില്‍ കൃത്രിമം കാണിച്ചെന്ന് കഴിഞ്ഞ ജനുവരി ഏഴിന് നടത്തിയ വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് രാമലിംഗ രാജുവും സഹോദരനും കമ്പനി സിഎഫ്ഒയും അറസ്റ്റിലാകുന്നത്. ആന്ധ്രപ്രദേശ് പൊലീസിലെ സിഐഡി വിഭാഗം അന്വേഷിച്ച കേസ് സിബിഐയ്ക്ക് വിട്ടുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്.
മാര്‍ക്കറ്റ് റെഗുലേറ്ററിംഗ് വിഭാഗമായ സെബിയും ആദായ നികുതി വിഭാഗവും വെവ്വേറെ അന്വേഷണങ്ങള്‍ നടത്തുന്നുണ്ട്. കോര്‍പറേറ്റ് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിമറിയായാണ് സത്യം സംഭവം വിലയിരുത്തപ്പെടുന്നത്.