മൊബൈല്‍ പോര്‍ട്ടബിലിറ്റി വരുന്നതോടെ തട്ടിപ്പും വെട്ടിപ്പും നടത്തുന്ന മൊബൈല്‍ സേവനദാതാക്കളില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് ആശ്വാസം ലഭിക്കും എന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. ഹിഡന്‍ ചാര്‍ജ്ജുകളോ സുതാര്യമല്ലാത്ത ബില്ലിംഗോ നടപ്പിലാക്കാത്ത ബിഎസ്എന്‍എലിന്റെ വയറ്റത്താണ് മൊബൈല്‍ പോര്‍ട്ടബിലിറ്റി അടിക്കുക എന്ന് ഉറപ്പായി. പോര്‍ട്ടബിലിറ്റി നടപ്പിലായി പതിനഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ കേരളത്തിലെ ഓരോ ജില്ലയില്‍ നിന്നുമായി മൂവായിരത്തിലധികം ഉപയോക്താക്കളാണ് സ്വകാര്യമേഖലയിലേക്ക് പറന്നകന്നത്.
വിതരണക്കാര്‍ക്കും വ്യാപാരികള്‍ക്കും വന്‍ കമ്മീഷന് നല്‍കിയാണ് സ്വകാര്യ കമ്പനികള്‍ ബിഎസ്എന്‍എല്‍ ഉപയോക്താക്കളെ വരുതിയിലാക്കുന്നത്. ശരാശരി 300 രൂപ പ്രതിമാസം ഉപയോഗമുള്ള ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് കണക്ഷന് സ്വകാര്യ നെറ്റ്വര്‍ക്കിലേക്കു മാറ്റിയാല്‍ വിതരണക്കാരന് 300 രൂപ, വ്യാപാരിക്ക് 300 രൂപ എന്ന നിരക്കിലാണ് കമ്മീഷന് ലഭിക്കുക. എന്നാല്‍ പ്രതിമാസം 1000 രൂപയുടെ ഉപഭോഗം നടത്തുന്ന പോസ്റ്റ്പെയ്ഡ് കണക്ഷനാണ് മാറുന്നതെങ്കില്‍ 1000 രൂപ വീതം കമ്മീഷന് ഇടനിലക്കാര്‍ക്കു ലഭിക്കും.
ബിഎസ്എന്‍എല്‍ വരിക്കാരെ വരുതിയിലാക്കാന്‍ പുതിയ പദ്ധതികളും സ്വകാര്യ കമ്പനികള്‍ ആവിഷ്കരിച്ചുകഴിഞ്ഞു. വാഗ്ദാനങ്ങള്‍ സംബന്ധിച്ച എസ്എംഎസുകള്‍ ലഭിച്ചുതുടങ്ങിയിട്ടുണ്ട്. ഒരു മാസത്തെ സൗജന്യ സംസാരസമയം, മറ്റൊരു സൗജന്യ സിം കാര്‍ഡ്, വിദേശ രാജ്യങ്ങളിലേക്ക് ഉല്ലാസയാത്ര തുടങ്ങിയ വാഗ്ദാനങ്ങളാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. സേവനദാതാവിനെ മാറ്റുന്നതിന് വെറും 19 രൂപ മാത്രമാണ് ചെലവു വരുന്നത്. കൂടാതെ, ഫോട്ടോ, തിരിച്ചറിയല്‍ രേഖ എന്നിവ നല്കിയാല് മൂന്നു ദിവസത്തിനകം നമ്പര്‍ മാറാതെത്തന്നെ സേവനദാതാവിനെ മാറ്റാന്‍ കഴിയും.
ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥര്‍ ഇതുവരെയും ഉപയോക്താക്കളോട് കാണിച്ച ‘ബിഗ് ബോസ്’ നയമാണ് ഈ പൊതുമേഖലാ സ്ഥാപനത്തിന് അടിയായത്. ബിഎസ്എന്‍എല്ലിനെതിരെ ഉപയോക്താക്കള്‍ക്ക് പരാതികള്‍ ഏറെയാണ്. ഒരു കണക്ഷന് അപേക്ഷിച്ചാല്‍ സ്വകാര്യ ഫോണ്‍ സേവന ദാതാക്കള്‍ അടുത്ത മണിക്കൂറില്‍ തന്നെ കണക്ഷന് ശരിയാക്കും. എന്നാല്‍ ബിഎസ്എന്‍എല്‍ രീതി പഴയ സര്‍ക്കാര്‍ രീതി തന്നെ.
ഉപയോക്താവിനെ അപമാനിക്കുന്ന തരത്തില്‍ പെരുമാറുക, പരാതി നല്കിയാല് ആ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കാതിരിക്കുക തുടങ്ങി ഈ പൊതുമേഖലാ സ്ഥാപനത്തിനെതിരെയുള്ള പരാതികള്‍ ഏറെയാണ്. ഇതൊക്കെത്തന്നെയാണ് മൊബൈല്‍ പോര്‍ട്ടബിലിറ്റി വന്നപ്പോള്‍ പ്രതിഫലിക്കുന്നത്. ബിഎസ്എന്‍എല്ലിന്റെ ഉയര്‍ന്ന അധികൃതര്‍ ഉടനടി ഇത്തരം കാര്യങ്ങളില്‍ നടപടി എടുത്തില്ലെങ്കില്‍ ബിഎസ്എന്‍എല്‍ അടച്ചുപൂട്ടേണ്ട ഗതികേട് വരുമെന്ന് ചിലരെങ്കിലും കരുതുന്നു.